തൃക്കൊടിത്താനം: സർവ്വത്ര മാലിന്യം. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ കടമാൻചിറ പാമ്പൂരാംപാറ നിവാസികളുടെ ഉറക്കംകെടുത്തുന്നതും ഈ മാലിന്യക്കൂമ്പാരം തന്നെ. കടമാൻചിറ-പാമ്പൂരാൻപാറ റോഡിനിരുവശവും തള്ളുന്ന മാലിന്യങ്ങളാണ് പ്രദേശവാസികളെ ദുരിതത്തിലേക്ക് തള്ളിവിടുന്നത്. സമീപത്തുള്ള പാമ്പൂരാൻപാറക്കുളം മാലിന്യനിക്ഷേപകേന്ദ്രമായി മാറി. കുളത്തിൽ മാലിന്യം നിറഞ്ഞതോടെ കുളം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമായി മാറി. പ്രദേശത്തിന്റെ ഒരു ഭാഗം നഗരസഭയും മറുഭാഗം പഞ്ചായത്തും ആയതിനാൽ ആരും സ്ഥലത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഏഴുവർഷം മുമ്പ് ഇത് സംബന്ധിച്ച് തൃക്കൊടിത്താനം പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിരുന്നതായും നാട്ടുകാർ പറഞ്ഞു. പരാതി കൊടുത്തതല്ലാതെ നടപടികളുണ്ടായിട്ടില്ല. മാലിന്യം തള്ളുന്നത് തടയാൻ പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുളം വൃത്തിയാക്കാൻ നടപടി സ്വീകരിക്കും. മുമ്പ് പാമ്പൂരാംപാറ നിവാസികൾ പ്രാഥമികാവശ്യങ്ങൾക്ക് വെള്ളമെടുത്തിരുന്നത് ഈ കുളത്തിൽ നിന്നാണ്. കുളം വൃത്തിയാക്കാൻ നടപടി സ്വീകരിക്കും.
(എൻ.രാജു തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)