vellathooval
ചിത്രം: കുഴികള്‍ നിറഞ്ഞ വിമലാസിറ്റി പാലം

അടിമാലി: കൊന്നത്തടി- വെള്ളത്തൂവൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിമലാസിറ്റി പാലത്തിലൂടെയുള്ള വാഹനഗതാഗതവും കാൽനട യാത്രയും മഴയത്ത് വലിയ ദുഷ്‌കരമാകുന്നു. വെള്ളത്തൂവൽ ടൗണിൽ നിന്ന് പന്നിയാർകുട്ടിയിലേക്കുള്ള പാതയിലാണ് വിമലാ സിറ്റി പാലം സ്ഥിതി ചെയ്യുന്നത്. കൊന്നത്തടി വെള്ളത്തൂവൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിക്കുന്ന പാലത്തിലൂടെ ദിവസവും നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രികരുമാണ് സഞ്ചരിക്കുന്നത്. എന്നാൽ മഴ പെയ്യുന്നതോടെ പാലം ചെളിക്കുണ്ടായി തീരുന്നത് കാൽനടയാത്രികർക്ക് ചെറിയ ബുദ്ധിമുട്ടല്ല സമ്മാനിക്കുന്നത്. പാലത്തിന്റെ ഇരുഭാഗത്തുമുള്ള റോഡുകളുടെ റീടാറിംഗ് ചെയ്യാറുണ്ടെങ്കിലും പാലത്തിന് മുകളിൽ കൃത്യമായി റീടാറിംഗ് ജോലികൾ നടക്കാതെ വന്നതാണ് വലിയ കുഴികൾ രൂപം കൊള്ളാൻ കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലത്തിന് മുമ്പെ തന്നെ വെള്ളം കെട്ടികിടക്കാൻ പാകത്തിൽ നിരവധി കുഴികൾ പാലത്തിൽ രൂപം കൊണ്ടു കഴിഞ്ഞു. വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഈ കുഴികളിൽ നിന്ന് ചെളിവെള്ളം തെറിക്കുന്നത് കാൽനടയാത്രികരുടെ പരാതിക്ക് ഇടവരുത്തുന്നുണ്ട്. കാലവർഷം കനക്കും മുമ്പെ പാലത്തിലെ കുഴികളടക്കാൻ നടപടി സ്വീകരിക്കണമെന്നാണ് വാഹനയാത്രികരുടെയും കാൽനടയാത്രികരുടെയും ആവശ്യം.