വാഴൂർ അമ്പാട്ടുപടി കരിപ്പക്കല്ല് റോഡ് തകർന്നു
കൊടുങ്ങൂർ: ദുരിതം നീളുകയാണ്. ഈ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ നടുവൊടിയുമെന്നത് മിച്ചം. എല്ലായിടത്തും കുഴി തന്നെ വില്ലൻ. വാഴൂർ അമ്പാട്ടുപടി കരിപ്പക്കല്ല് റോഡിലൂടെ ഒന്ന് യാത്ര ചെയ്യുന്നവർ പിന്നെ ഈ വഴിക്ക് വരില്ലെന്ന് സാരം. നൂറുകണക്കിന് യാത്രക്കാർ നിത്യവും സഞ്ചരിക്കുന്ന റോഡ് പൂർണ്ണമായും തകർന്നനിലയിലാണ്. വാഴൂർ ഗ്രാമപഞ്ചായത്ത് 3ാം വാർഡിൽ കൊടുങ്ങൂർപാലാ റോഡിൽ അമ്പാട്ട്പടിക്കൽ തുടങ്ങി പള്ളിക്കത്തോട് പഞ്ചായത്ത് കരിപ്പക്കല്ല് ജംഗ്ഷനിൽ എത്തുന്നതാണ് റോഡ്.രണ്ട് കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. ഹൗസിംഗ് കോളനികളടക്കം ജനവാസകേന്ദ്രങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. നാട്ടുകാർക്ക് കൊടുങ്ങൂർ,പള്ളിക്കത്തോട് ടൗണുകളിലെത്താനുള്ള ഏക ആശ്രയം ഈ പാതയാണ്. ഓട്ടോറിക്ഷപോലും കടന്നുവരാൻ മടിക്കുന്ന റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പത്തുവർഷം മുമ്പ് പി.എം.ജി.എസ്.വൈ പ്രകാരം നവീകരിച്ചതാണ് ഈ റോഡ്.അതുകൊണ്ടുതന്നെ പഞ്ചായത്തിന് ഫണ്ട് അനുവദിക്കാനാവില്ല. പദ്ധതി നടത്തിപ്പുകാർ പിന്നീടിതുവരെ തുടർനടപടികളൊന്നും ചെയ്തിട്ടില്ല.നാട്ടുകാരുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ തദ്ദേശീയ റോഡ് വികസന പദ്ധതി പ്രകാരം 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണം ഉടൻ ആരംഭിക്കും.
പ്രേമലതാ ഷാജി, ഗ്രാമപഞ്ചായത്തംഗം