അടിമാലി: വീടുവിട്ടിറങ്ങിയ കൗമാരക്കാരായ കമിതാക്കളെ പൊലീസ് പിടികൂടി. 15 കാരിയെയും 16 കാരനെയുമാണ് ഇന്നലെ ആട്ടോറിക്ഷയിൽ നിന്ന് അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സ്കൂളിൽ ഒമ്പതാം ക്ലാസിൽ ഒന്നിച്ചു പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് പ്രണയയത്തിലായത്. കഴിഞ്ഞ വര്‍ഷവും ഇവര്‍ സമാനമായി രീതിയിൽ വീടുവിട്ട് പോയിരുന്നു. ഇരുവരെയും കണ്ടെത്തിയ ശേഷം 16 കാരനെതിരെ അന്ന് അടിമാലി പൊലീസ് പോക്‌സോ കേസെടുത്തിരുന്നു. പിന്നീട് ബാലനെ വിവാഹം കഴിപ്പിച്ചു നൽകണമെന്ന് പെൺകുട്ടി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ച പിതാവിനെതിരെ പെൺകുട്ടി ചൈൽഡ് ലൈനിൽ പീഡനപരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടി വീണ്ടും പയ്യനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങി പോയി. മകളെ കാണാത്തതിനെ തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാവിലെ അടിമാലി വില്ലേജ് റോഡില്‍ നിറുത്തിയിട്ടിരുന്ന ആട്ടോറിക്ഷയില്‍ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇരുവരെയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.