ghan

കോട്ടയം: ആന്ധ്രയിൽ നിന്ന് ജില്ലയിലേയ്‌ക്കു എത്തിക്കുന്ന രണ്ട് കിലോ വരുന്ന ഒരു പൊതി കഞ്ചാവിന് ഗുണ്ടാ - മാഫിയ സംഘം നൽകിയ ഓമനപ്പേരാണ് പാഴ്‌സൽ...! ഏറ്റുമാനൂരിൽ അമ്മായിയമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആന്ധ്രയിലിരുന്ന് ജില്ലയിലേയ്‌ക്ക് കഞ്ചാവിന്റെ വരവ് നിയന്ത്രിക്കുന്നത്. ഇയാളെ അമർച്ച ചെയ്യാൻ പൊലീസിനോ എക്‌സൈസിനോ സാധിക്കുന്നുമില്ല.

രണ്ടു കിലോ വരുന്ന ഒരു പാഴ്‌സലിന് 3000 മുതൽ 4000 രൂപ വരെയാണ് ആന്ധ്രയിൽ വിലയാകുന്നത്. ഇത് നാട്ടിലെത്തുമ്പോൾ കിലോയ്‌ക്ക് പതിനായിരം രൂപയ്‌ക്കു മുകളിൽ കിട്ടും. ചില്ലറ വിപണിയിൽ ലഭിക്കുന്നത് ഇതിന്റെ പതിൻമടങ്ങാണ്.

കച്ചവടം അഡ്വാൻസ് വാങ്ങി

ഏറ്റുമാനൂരുകാരനായ കഞ്ചാവ് മാഫിയ തലവന്റെ അക്കൗണ്ടിൽ മുഴുവൻ പണവും ഇട്ടു നൽകിയെങ്കിൽ മാത്രമേ ആന്ധ്രയിൽ നിന്ന് പാഴ്‌സലുമായി വണ്ടി പുറപ്പെടൂ. ഇയാൾക്ക് എല്ലാ ജില്ലയിലും ഏജന്റുമാരുണ്ട്. നാഷണൽ പെർമിറ്റ് ലോറികളിലാണ് കഞ്ചാവ് കേരളത്തിലേയ്‌ക്ക് കടത്തുന്നത്. ആഴ്‌ചയിൽ ആയിരം കിലോ വരെ കയറ്റി അയയ്ക്കുന്നുണ്ട്. പൊലീസിനെയും എക്‌സൈസിനെയും കബളിപ്പിക്കാൻ ഇടയ്‌ക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ കഞ്ചാവ് കേസുകൾ ഇട്ടു നൽകുകയും ചെയ്യും.

പാഴ്‌സൽ പുളിയിലയായി

ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ചു നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തു കച്ചവടക്കാരിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങിയെടുത്ത ഗുണ്ടാ സംഘത്തലവൻ പകരം നൽകിയത് പുളിയില പാഴ്‌സൽ!. ഓരോ ലക്ഷം രൂപ വീതം നൽകിയ കച്ചവടക്കാർ കഞ്ചാവിനായി കാത്തിരിക്കുന്നതിനിടെ, ഗുണ്ടാ സംഘത്തലവൻ അയച്ചതാണെന്നറിയിച്ച് കാറിൽ ഒരു യുവാവ് പാഞ്ഞെത്തി, മിന്നൽ വേഗത്തിൽ പാഴ്‌സൽ കൈമാറി മറഞ്ഞു. കച്ചവടക്കാർ പൊതി അഴിച്ചപ്പോൾ കിട്ടിയത് പുളിയില. പോക്കറ്റിലിരുന്ന പണം പോയതിനെപ്പറ്റി ചോദിക്കാനെത്തിയ ഇവരെ തോക്ക് കാട്ടി ഗുണ്ടാ നേതാവ് ഓടിച്ചു.