പൊൻകുന്നം: പട്രോളിംഗ് നടത്തിയ പൊലീസ് സംഘത്തിന് നേരെ കൈയേറ്റത്തിന് മുതിർന്ന എട്ട് ഡി.വൈ.എഫ്.ഐ.പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്ച രാത്രി 9ഓടെ അട്ടിക്കൽ കവലയിൽ സംഘം ചേർന്നത് ചോദ്യം ചെയ്ത എസ്.ഐ.യുമായി ഇവർ വാക്കേറ്റത്തിനു മുതിരുകയും പൊലീസ് ജീപ്പിന് ചുറ്റും തടിച്ചുകൂടുകയും ചെയ്തുവെന്നാണ് കേസ്. സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. കൊവിഡ് നിയന്ത്രണ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ മർദ്ദിച്ചിട്ടും ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരെ നിസാരവകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്ന് ബി.ജെ.പി.ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. മുൻപും പൊലീസിനെതിരെ സംഘം ആക്രമണം നടത്തിയിട്ടുണ്ട്. കേസ് ചാർജ് ചെയ്യാത്തത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്നും കമ്മിറ്റി പ്രസിഡന്റ് ജി.ഹരിലാൽ ആരോപിച്ചു. പൊലീസ് ഭരണകക്ഷിയുടെ മുൻപിൽ നോക്കുകുത്തിയായെന്ന് യൂത്ത്ഫ്രണ്ട് (എം) ആരോപിച്ചു. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ പൊലീസിന്റെ മനോവീര്യം കെടുത്തുമെന്നും ലാജി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുറ്റപ്പെടുത്തി.