pic

ഇടുക്കി: ഉത്തരേന്ത്യൻ വ്യാപാരികൾ പിന്മാറി. ഏലക്ക വാങ്ങാനാളില്ല. കൊവി‌ഡ് ലോകമെമ്പാടും പടർന്നതോടെ കയറ്റുമതിയും നിലച്ചു. ഇതോടെ ആറുമാസം മുമ്പ് കിലോക്ക് 7000 രൂപ വിലയുണ്ടായിരുന്ന ഫസ്റ്റ് ക്വാളിറ്റി ഏലക്കയുടെ വില 1700ലേക്ക് താഴ്ന്നു. സീസൺ തുടങ്ങാറായപ്പോൾ ഇത്രയും വില താഴ്ന്നത് ഏലകർഷകരെ നിരാശയിലാക്കി. ഇനിയും വില കുറയാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

വില കൂടുമെന്ന പ്രതീക്ഷയിൽ ഏലക്ക സൂക്ഷിച്ചുവച്ചിരുന്ന കർഷകരാണ് വെട്ടിലായത്. ഓഫ്സീസൺ ആകുമ്പോൾ വില കൂടുകയാണ് പതിവ്. എന്നാൽ ഇക്കുറി നേരെ തിരിച്ചായി. ഇതോടെ മനസിൽ കർഷകർ താലോലിച്ച ഒരുപാടു സുന്ദരസ്വപ്നങ്ങളാണ് ഒറ്റയടിക്ക് പൊലിഞ്ഞത്.

തേക്കടി കെ.സി.പി.എം.സിയിൽ കഴിഞ്ഞദിവസം നടന്ന ലേലത്തിൽ ഒന്നാം ഗ്രേഡ് ഏലക്കക്ക് 1700 രൂപയ്ക്ക് വില്ക്കാൻ കർഷകർ നിർബന്ധിതരായി. 49,234 കിലോ ഏലക്കയാണ് വിറ്റത്. രണ്ടാം ഗ്രേഡിന് 1069 രൂപയ്ക്കും. സീസൺ ആരംഭിക്കാനിരിക്കെ ഇനിയും ഏലക്ക സൂക്ഷിക്കുന്നത് നഷ്ടത്തിന് ഇടവരുത്തുമെന്നതിനാലാണ് കുറഞ്ഞവിലക്ക് കർഷകർ സൂക്ഷിച്ചുവച്ചിരുന്ന ഏലക്ക വിറ്റത്. ജനുവരിയിൽ ഒന്നാം ഗ്രേഡിന് 7000 രൂപയും രണ്ടാം ഗ്രേഡിന് 4015 രൂപയുമാണ് വണ്ടൻമേടിൽ നടന്ന ലേലത്തിൽ കർഷകർക്ക് ലഭിച്ചത്.