കോട്ടയം: ചാറ്റ് ചെയ്തപ്പോൾ പ്രേമമാണെന്ന് തോന്നി. വീട് വിട്ടിറങ്ങിയ പെൺകുട്ടികളെ തിരിച്ച് വീടുകളിലെത്തിച്ചത് യുവാക്കളുടെ അവസരോചിതമായ ഇടപെടൽകൊണ്ടുമാത്രം. എന്നിട്ടും 17 കാരി തൂങ്ങിമരിച്ചു. 21 കാരിയാവട്ടെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 21കാരി ഇന്നലെ ആശുപത്രി വിട്ടു. കഴിഞ്ഞ 13നാണ് അടിമാലിയിൽ ആദിവാസി പെൺകുട്ടിയാണ് തൂങ്ങിമരിച്ചത്. പെൺകുട്ടികളുമായി ചാറ്റ്ചെയ്തിരുന്ന മൂന്നു യുവാക്കളെ അടിമാലി സി.ഐ അനിൽ ജോർജ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ഉള്ളറ വെളിച്ചത്തായത്. ഇല്ലായിരുന്നുവെങ്കിൽ ഈ യുവാക്കൾക്ക് അഴി എണ്ണേണ്ടിവന്നേനെ.
സംഭവത്തിൽ യുവാക്കളുടെ പങ്ക് വ്യക്തമായതോടെ മൂവരെയും വിട്ടയച്ചു. കേസ് അവസാനിപ്പിക്കുകയും ചെയ്തു. തൊടുപുഴ, ഉപ്പുതറ, മാങ്കുളം സ്വദേശികളെയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ ചാറ്റ് ചെയ്തതിന്റെ രേഖകൾ മൊബൈൽഫോണിൽ ഇവർ പൊലീസിന് കാട്ടിക്കൊടുത്തു. ''ഞങ്ങൾ വീട്ടിൽനിന്ന് ഇറങ്ങി. കൂട്ടിക്കൊണ്ടുപോവാൻ ഉടൻ വരണ''മെന്നാണ് 17കാരി യുവാക്കൾക്ക് സന്ദേശം അയച്ചത്. എന്നാൽ യുവാക്കൾ ആരും ഇതിന് പ്രതികരണം നല്കിയില്ല.
ഒരാളാവട്ടെ, എന്ത് അവിവേകമാണ് കാട്ടുന്നതെന്ന് ചോദിച്ചിരുന്നു. തുടരെതുടരെ സന്ദേശങ്ങൾ വന്നതോടെ ശല്യം സഹിക്കവയ്യാതെ രണ്ട് യുവാക്കൾ മൊബൈൽഫോൺ സ്വിച്ച്ഓഫ് ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് അടിമാലി അശുപത്രിയിൽ എത്തിയപ്പോഴാണ് യുവാക്കളുമായി 17കാരി പരിചയപ്പെട്ടത്. തുടർന്ന് ഫോൺ വിളിയായി. ചാറ്റിംഗായി. ഈ ബന്ധം പ്രേമമാണെന്നായിരുന്നു കരുതിയത്.
ജീവനൊടുക്കിയ പെൺകുട്ടിയുടെ മാതാവ് കടയിൽ ചെന്നപ്പോൾ, മകളുടെ ഫോൺവിളിയെക്കുറിച്ച് ആരോ സംസാരിച്ചു. വീട്ടിലെത്തിയ മാതാവ് പെൺകുട്ടിയെ ശകാരിച്ചു. ഇതാണ് ഒളിച്ചോട്ടത്തിന് ഇടയാക്കിയത്. ഒപ്പം 21കാരിയായ യുവതിയെയും കൂടെ കൂട്ടുകയായിരുന്നു. യുവാക്കൾ എത്താതായതോടെ ഇവർ വിഷമിച്ചു. തുടർന്ന് വീടിനു സമീപമുള്ള വലിയ ഒരു മരത്തിന്റെ പൊത്തിൽ ഇവർ രാത്രിയിൽ കഴിച്ചുകൂട്ടുകയായിരുന്നു.
പാതിരാത്രി ആയപ്പോൾ ഭയപ്പെട്ട ഇരുവരും ബന്ധുവായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഇരുവരെയും അനുനയിപ്പിച്ച് രാവിലെ പ്രസിഡന്റ് തന്നെ വീടുകളിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ ഇരുവരെയും മാതാപിതാക്കൾ ശാസിച്ചു. ഇവരെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നല്കിയിരുന്നു. ഇത് പിൻവലിക്കാൻ മാതാവ് സ്റ്റേഷനിലേക്ക് പോയപ്പോഴാണ് 17കാരി തൂങ്ങിയത്. 21കാരിയാവട്ടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ 11നാണ് ഇരുവരും വീടുകളിൽനിന്നും ഇറങ്ങിപ്പോയത്.