കോട്ടയം : എരുമേലി വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിലെ സ്ഥലം പണം കൊടുത്ത് ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം എൻ.ഹരി പ്രസ്താവനയിൽ പറഞ്ഞു. വികസനത്തിന് ബി.ജെ.പി എതിരല്ല. ശബരിമല തീർത്ഥാടകർക്ക് അടക്കം പദ്ധതി ഏറെ പ്രയോജനകരവുമാണ്. ഹാരിസൺ പ്ളാന്റേഷൻ പാട്ടത്തിനെടുത്ത ഭൂമി മറിച്ചുവിറ്റത് നിയമവിരുദ്ധമാണ്. ഈ ഭൂമി സർക്കാർ പണം കൊടുത്ത് വാങ്ങിയാൽ ഹാരിസണിന്റെ നടപടി ശരിവയ്ക്കുന്നതായിമാറും. ഇത് സമാന കേസുള്ള മറ്റ് പാട്ടഭൂമികളേയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.