കോട്ടയം: പെരുമ്പാവൂരിൽ ബാങ്കിലെ ചില്ല് വാതിൽ തകർന്ന് വയറിൽ തുളച്ചു കയറി വീട്ടമ്മ മരിച്ച ദാരുണ സംഭവത്തിന് പിറകേ ചില്ല് വാതിലുകൾ സുരക്ഷിതമോ എന്ന ആശങ്ക ജനങ്ങൾക്കിടയിൽ പടരുന്നു !.
കനവും നിലവാരവും കുറഞ്ഞ അനീൽഡ് ഗ്ലാസായിരുന്നു അപകട കാരണം. ഗ്ലാസ് ചൂടാക്കി തണുപ്പിച്ച് ആന്തരിക സമ്മർദ്ദം കളഞ്ഞ് ദൃഡീകരിക്കുന്ന അനീൽഡ് ഗ്ലാസ് പൊട്ടുമ്പോൾ വലിയ കഷണങ്ങളായാണ് പതിക്കുക. ഏഴ് അടിയോളം ഉയരത്തിൽ ഒറ്റ ഗ്ലാസാണ് പെരുമ്പാവൂരിൽ വാതിലിന് ഉപയോഗിച്ചത് . കനം കൂടിയ ടഫൻഡ് ഗ്‌ളാസ് ആയിരുന്നെങ്കിൽ തകരില്ലായിരുന്നു. വാതിലിൽ ഗ്ലാസ് ഉണ്ടെന്നു തോന്നത്തക്കവിധം സ്റ്റിക്കർ പതിപ്പിക്കാതിരുന്നതും അപകടകാരണമായി .
മിക്ക വ്യാപാര സ്ഥാപനങ്ങളും ഓപ്പൺ, പുഷ് ,പുൾ എന്ന് ചെറുതായി എഴുതിയ സ്റ്റിക്കർ പതിപ്പിച്ച് ചില്ലുവാതിൽ അടച്ചിടുകയാണ് പതിവ് . സെക്യൂരിറ്റി ജീവനക്കാർ ഉള്ളിടത്ത് പ്രശ്നമില്ല. അല്ലാത്തിടത്ത് വാതിൽ ഏതെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്നു . വാതിൽ അല്ലാത്തിടം തുറക്കാൻ ശ്രമിച്ച് പരിക്കേൽക്കുക പതിവാണ്. പ്രത്യേക നിറങ്ങളിലുള്ളു സ്റ്റിക്കർ പൂർണമായി ഗ്ലാസിൽ ഒട്ടിച്ച് വാതിൽ തിരിച്ചറിയാൻ സംവിധാനം വേണമെന്നാണ് നിയമമെങ്കിലും ആരും പാലിക്കാറില്ല.
കോട്ടയത്ത് അറിഞ്ഞമട്ടില്ല!.
അപകടങ്ങൾ വർദ്ധിച്ചിട്ടും ബാങ്കുകൾ, എ.ടിഎമ്മുകൾ , സൂപ്പർ മാർക്കറ്റുകൾ, ഓഫീസുകൾ തുടങ്ങിയിടങ്ങളിൽ ഉപയോഗിക്കുന്ന ചില്ല് വാതിൽ ഗുണനിലവാരമുള്ളതാണോ എന്ന പരിശോധന ബന്ധപ്പെട്ടവർ നടത്തിയിട്ടില്ല .കൊല്ലം ജില്ലയിൽ 45ദിവസത്തിനകം ടഫൻഡ് ഗ്ലാസ് ആക്കി മാറ്റണമെന്ന് കളക്ടർ ഉത്തരവിറക്കി. എറണാകുളം ജില്ലയിലും കർശന പരിശോധന നടക്കുന്നു. ചില്ല് വാതിൽ കൂടുതലായി ഉപയോഗിക്കുന്ന കോട്ടയത്ത് ഉയർന്ന ഉദ്യോഗസ്ഥർ ഇതൊന്നും അറിഞ്ഞമട്ടില്ല!.
വില ചതുരശ്ര അടിക്ക്
അനീൽഡ് ഗ്ലാസ് 30 രൂപ
ടഫൻഡ് ഗ്ലാസ് 120 രൂപ
12 മില്ലിമീറ്റർ കനമുള്ള ടഫൻഡ് ഗ്ലാസോ പത്ത് മില്ലിമീറ്റർ കനമുള്ള സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസോ ഉപയോഗിച്ചാൽ ശക്തമായ ഇടിയിലും പൊട്ടില്ല . പൊട്ടിയാലും ചെറിയ തരികളായി പൊടിയുന്നതിനാൽ ശരീരത്തിൽ തുളച്ചു കയറില്ല . നാലു മില്ലി മീറ്റർ കനമുള്ള അനീൽഡ് ഗ്ലാസ് ചതുരശ്ര അടിക്ക് 30-35 രൂപയാണ് വില. 12 മില്ലീ മീറ്റർ കനമുള്ള ടഫൻഡ് ഗ്ലാസിന് 120 രൂപയാണ്. വിലയിലെ അന്തരം കാരണമാണ് പലരും നിലവാരം കുറഞ്ഞ് ഗ്ലാസ് ഘടിപ്പിച്ച് അപകടത്തിന് വഴിയൊരുക്കുന്നത്.
ഷെറിൻ തോമസ്, ഗ്ലാസ് വ്യാപാരി