കോട്ടയം: കൊവിഡ് ബാധിരുടെ എണ്ണം പെരുകിയതോടെ ഹോം നഴ്സിനെ കിട്ടാനില്ല. അടുക്കള ജോലി, രോഗീപരിചരണം, പ്രസവശുശ്രൂഷ തുടങ്ങി വിവിധ തരം ജോലികൾക്കായി ആളുകളെ നൽകിയിരുന്ന ജില്ലയിലെ ഏജൻസികളും വലയുകയാണ്.

കൊവിഡ് ഭീഷണിയിൽ ഹോംനഴ്സുമാരെ നിർത്താൻ വീട്ടുകാരും ഇതേ കാരണം കൊണ്ട് ജോലിക്ക് പോകാൻ ഹോം നഴ്സുമാരും പേടിക്കുന്നു. ജില്ലയിലെ പ്രമുഖ ഹോം നഴ്സിംഗ് സ്ഥാപനങ്ങളിലൊന്നും ലോക്ക് ഡൗണിന് ശേഷം വിളിയെത്തിയിട്ടില്ല. മുൻപ് ജോലിക്ക് നിന്നവരിലേറെയും വീടുകളിലേയ്ക്ക് മടങ്ങുകയും ചെയ്തു. ഹോം നഴ്സിംഗ് മേഖലയിൽ ഭൂരിപക്ഷവും സ്ത്രീകളാണ്.

 ഇരുകൂട്ടർക്കും ഭയം

പൊതുഗതാഗതത്തെ ആശ്രയിച്ചുള്ള യാത്രയ്ക്കും, പല വീടുകളുമായും സമ്പർക്കമുള്ളവരുമായതിനാൽ ഹോംനഴ്സുമാരെ വീട്ടുകാർ ഒഴിവാക്കുകയാണ്. ഏജൻസികൾ പറയുന്ന വീടുകളിൽ താമസിക്കാൻ ഹോംനഴ്സുമാരും ഭയപ്പെടുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തി ക്വാറന്റൈൻ പൂർത്തിയാക്കിയവരുടെ വീടുകളിലും ജോലിക്ക് വരാൻ ഹോം നഴ്സുമാർ തയ്യാറാകുന്നില്ല.

ഹോം നഴ്സിന് ശമ്പളം:

15000- 20000 രൂപ വരെ.

താമസം, ഭക്ഷണം സൗജന്യം

'' 19 വർഷമായി ഹോം നഴ്സിംഗ് മേഖലയിലുണ്ട്. വീട്ടുജോലിക്കാരെ മുതൽ ഹോം നഴ്സുമാരെ വരെ നൽകുന്നുണ്ട്. ശമ്പളം വീട്ടുകാർ ജോലിക്കാർക്കു നൽകുകയും ഞങ്ങൾ സർവീസ് ചാർജ് ഈടാക്കുകയുമാണ് പതിവ്. രോഗ ഭീതി മൂലം ഇപ്പോൾ വിളിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു.''

എ.കെ. ഷാജീവ് , ഹോം നഴ്സിംഗ് വെൽഫയർ

അസോ. സംസ്ഥാന പ്രസിഡന്റ്