ടി വി പുരം : ഐ.എച്ച്.ഡി.പി കോളനിയിലെ കമ്മ്യൂണി​റ്റി ഹാളിന് മുന്നിൽ 6 സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് നിർമ്മാണം പൂർത്തിയായി. പഞ്ചായത്ത് പ്രസിഡന്റ് ടി.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ മൂന്നാമത്തെ പച്ചത്തുരുത്താണ് വിജയകരമായി പൂർത്തിയാക്കിയത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മി​റ്റിയും, എം.ജി.എൻ.ആർ.ഇ.ജിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെമ്മനത്തുകര ഗവ.യു.പി സ്‌കൂളിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമായി 9 സെന്റ് സ്ഥലത്ത് 2 പച്ചത്തുരുത്തുകളാണ് പൂർത്തിയായിരുന്നത്.

തൊഴിലുറപ്പ് പ്രവർത്തകരുടെ സജീവ പ്രവർത്തനങ്ങളുടെ ഫലമായാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരേ പഞ്ചായത്തിൽ മൂന്ന് സ്ഥലങ്ങളിലായി പച്ചത്തുരുത്തുകൾ സ്ഥാപിക്കാനായത്. ഐ.എച്ച്. ഡി.പി കോളനിയിലെ പച്ചത്തുരുത്തിൽ ഔഷധ തോട്ടം നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വാർഡ് മെമ്പർ വിഷ്ണു ഉല്ലാസ്, ഹരിത കേരളം മിഷൻ, എം ജി എൻ ആർ ഇ ജി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.