പാലാ : നഗരത്തിൽ ആദ്യമായി നിർമ്മിക്കുന്ന തൂക്കുപാലത്തിന്റെ പണികൾ മാണി സി കാപ്പൻ എം.എൽ.എ വിലയിരുത്തി. ഗ്രീൻ ടൂറിസം പദ്ധതിയിൽപ്പെടുത്തി നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് തൂക്കുപാലം നിർമിക്കുന്നത്. ആഗസ്റ്റിൽ പദ്ധതി പ്രവർത്തനസജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി എംഎൽഎ പറഞ്ഞു.
നഗരഹൃദയത്തിൽ മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗൺ ബസ് സ്റ്റാൻഡിന് സമീപമാണ് തൂക്കുപാലം മാതൃകയിലുള്ള ഇരുമ്പുപാലം തയ്യാറാക്കുന്നത്. പാലത്തിന് പുറമെ അമിനിറ്റി സെന്ററും പാർക്കും നടപ്പാതയും നിർമ്മിക്കും. ഗ്രീൻ ടൂറിസം പ്രോജക്ടിന്റെ ഇൻഫർമേഷൻ സെന്ററുമുണ്ടാകും. വാഗമൺ, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, മാർമല എന്നീ സഞ്ചാരകേന്ദ്രങ്ങളിലേക്കും ഭരണങ്ങാനം, രാമപുരം, അരുവിത്തുറ, നാലമ്പലം, തങ്ങൾപാറ തുടങ്ങിയ തീർത്ഥാടനകേന്ദ്രങ്ങളിലേക്കും എത്തുന്ന സഞ്ചാരികൾക്ക് പുതിയ അമിനിറ്റി സെന്റർ ഉപകാരപ്രദമാകും. ഗ്രീൻ ടൂറിസം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജിജു ജോസ്, പ്രൊജക്ട് എൻജിനിയർ ശ്രീജിത്ത് പി.എസ്, നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടം എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
2 മീറ്റർ വീതി, 30 മീറ്റർ നീളം
ടൗൺ ബസ് സ്റ്റാൻഡിൽ നിന്നാണ് പാലത്തിലേക്കുള്ള പ്രവേശനം. പാലായിലെ പ്രശസ്തമായ കുരിശുപള്ളിയുടെ മാതൃകയിലാണ് പ്രവേശകവാടം ഒരുക്കുന്നത്. 2 മീറ്റർ വീതിയും 30 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. മീനച്ചിലാറിനോടും ളാലം തോടിനോടും ചേർന്നുള്ള മുനിസിപ്പാലിറ്റിവക സ്ഥലം കെട്ടിയെടുത്താണ് പാർക്കും ഉദ്യാനവും ഇൻഫർമേഷൻ സെന്ററും നിർമ്മിക്കുന്നത്.
വിശ്രമിക്കാനായി ഇരിപ്പിടങ്ങൾ
നടക്കാനായി വോക്ക് വേ
വ്യൂ പോയിന്റ്
രാത്രിയിൽ പ്രത്യേക ലൈറ്റ്