വൈക്കം : വെച്ചൂരിൽ നെൽക്കൃഷിയ്ക്കുള്ള പമ്പിംഗ് സബ്‌സിഡി ലഭിക്കാത്തത് പാടശേഖര സമിതികളെ വൻ കടബാദ്ധ്യതയിലാക്കി. പുഞ്ച കൃഷിയ്ക്ക് ഒരേക്കറിന് 1800 രൂപയും വിരിപ്പ് കൃഷിയ്ക്ക് 1900 രൂപയുമാണ് സർക്കാർ സബ്‌സിഡിയായി നൽകിയിരുന്നത്. 30 പാടശേഖരങ്ങളിലായി 3200 ഏക്കറിലാണ് വെച്ചൂരിൽ നെൽ കൃഷിയുള്ളത്. 2018ൽ പ്രളയത്തിൽ മുങ്ങി നശിച്ച വിരിപ്പ്കൃഷിയുടെ പമ്പിംഗ് സബ്‌സിഡി മാത്രമാണ് ലഭിച്ചത്. 2018ലെ പുഞ്ചക്കൃഷിയുടേയും 2019 ലെ വിരിപ്പു കൃഷിയുടേയും സബ്‌സിഡി ഇതുവരെ നൽകിയിട്ടില്ല.
ഇപ്പോഴത്തെ വിരിപ്പു കൃഷിയുടെ 60ശതമാനം പണികളും കർഷകർ ഇതിനകം നടത്തിക്കഴിഞ്ഞു. മോട്ടോർ,പെട്ടി,പറഎന്നിവയുടെ അറ്റകുറ്റപ്പണി നടത്താനും വെള്ളം വറ്റിക്കാൻ നിയോഗിക്കുന്ന ആൾക്ക് വേതനം നൽകാനും പാടശേഖര സമിതികൾ പലിശയ്ക്ക് പണമെടുത്തിരിക്കുകയാണ്. കുടിശിക ലഭ്യമാക്കാൻ സർക്കാർ അനുഭാവപൂർവം നടപടി സ്വീകരിക്കണമെന്ന് വെച്ചൂർ നെല്ലുത്പാദക കോ-ഓർഡിനേഷൻ കമ്മറ്റി പ്രസിഡന്റ് ടി.ഒ.വർഗീസ്, സെക്രട്ടറി എൻ.സുരേഷ് കുമാർ എന്നിവർ പറഞ്ഞു.