പാലാ : കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ മേഖലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. ഒരുമാസത്തിനിടെ 14 കേസുകളാണ് പഞ്ചായത്തിന്റെ 1, 15 വാർഡുകളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടുമാസം മുമ്പ് കൂടപ്പുലം, ഉഴവൂർ ടൗൺ, വെളിയന്നൂരിലെ അരീക്കര എന്നിവിടങ്ങളിൽ ഡെങ്കിപ്പനി പടർന്നിരുന്നു. ഡെങ്കിപ്പനി പകരുന്ന സാഹചര്യം തടയാനായിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും ഉള്ളനാട് ബ്ലോക്ക് ഹെത്ത് സൂപ്പർവൈസർ കെ.എം. രഘു അറിയിച്ചു. രണ്ടാഴ്ചക്കിടെ പുതിയ കേസുകൾ മേഖലയിൽ ഉണ്ടായിട്ടില്ല. ഭരണങ്ങാനം, കടനാട്, മുത്തോലി പഞ്ചായത്തുകളിലെല്ലാം ഡെങ്കിപ്പനിക്ക് സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹെൽത്ത് സെന്ററുകളിൽ നടത്തിയ കാർഡ് ടെസ്റ്റുകളിലൂടെയാണ് നിലവിൽ ഡെങ്കിപ്പനിയുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നത്. എന്നാൽ ഡെങ്കി തന്നെയാണെന്ന് ഉറപ്പിക്കുന്നത് എലീസ ടെസ്റ്റിലൂടെയാണ്. കുടക്കച്ചിറയിൽ 14 പേർക്കാണ് ഡെങ്കി സംശയിക്കുന്നത്. ഇവർക്ക് എലീസാ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാർഡുകളിൽ ഫോഗിംഗ്
ഡെങ്കിയെ നേരിടാൻ വാർഡുകളിൽ ഫോഗിംഗ് നടത്തി. മുൻകരുതലിന്റെ ഭാഗമായി ബാധവത്കരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. തോട്ടങ്ങളിൽ റബർചിരട്ടകൾ കമഴ്ത്തിവയ്ക്കുക, മുട്ടയിട്ട് കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കുക, മഴവെള്ളം കെട്ടി നിന്ന് മലിനജലമാകാതെ സൂക്ഷിക്കുക, ഫ്രിഡ്ജിലും മറ്റും മലിനജലം തങ്ങി നിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുക എന്നിവയാണ് മുൻകരുതൽ പ്രവർത്തനങ്ങൾ.