അടിമാലി: ആദിവാസി കോളനികളിൽ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുന്നു. മദ്യവും, മയക്കുമരുന്നും, മൊബൈൽ ഫോൺ ഉപയോഗവുമാണ് നിരക്ക് വർദ്ധിക്കാൻ കാരണം.കുട്ടികളിൽ ആടമ്പര ജീവിതത്തോടുള്ള അമിതാവേശവുമാണ് കൂടുതലും മരണകാരണങ്ങളെന്ന് പൊലീസ് രേഖകളിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം തട്ടേകണ്ണൻ കുടിയിൽ വീട്ടമ്മയുടെ മരണവും, കുളമാൻ കുഴി കോളനിയിലെ രണ്ട് കുടുംബത്തിലെ രണ്ട് പേരുടെ മരണവും കഴിഞ്ഞ ആഴ്ച സംഭവിച്ചതാണ്. ദേവികുളം താലൂക്കിലെ മറയൂർ, വട്ടവട, മാങ്കുളം പഞ്ചായത്തുകളിൽ രണ്ടും, മൂന്നും ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണ.മടയുന്നതിൽ കൂടുതലും സ്ത്രീകളും, കുട്ടികളുമാണ്.ഗൃഹനാഥന്റെ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും മൂലം കുടുംബങ്ങളിൽ ഉണ്ടാകുന്ന കലഹങ്ങളാണ് കൂടുതൽ മരണങ്ങളുടെയും കാരണമെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം ജീവിതം താളം തെറ്റുന്നതും മരണത്തിന് കാരണമാകുന്നുണ്ട്. രണ്ട് പേർ ചേർന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും ഒരാൾ രക്ഷപ്പെടുകയും ചെയ്ത നാല് കേസുകൾ ഉണ്ടായി. കൂടാതെ ഒറ്റക്ക് ജീവനൊടുക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട എട്ട് കേസുകളും രണ്ട് മാസത്തിനിടയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ആദിവാസി കുടികളിലും പുറം ലോകത്തുള്ളവരുടെ കടന്ന് കയറ്റം ആദിവാസികളുടെ ജീവിതചര്യകൾക്ക് എതിരാകുന്നതായി ഊരുമൂപ്പൻമാർ പറയുന്നു.
രണ്ട്മാസം എട്ട്മരണം
അടിമാലി പഞ്ചായത്തിലെ 27 ആദിവാസി കോളനികളിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ എട്ട് ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ കാലത്ത് മാത്രം അഞ്ച് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.