തൊടുപുഴ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിലെ പ്രതികളെ ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല. കാളിയാർ സി.ഐ പങ്കജാക്ഷൻ, എസ്‌.ഐ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ വണ്ണപ്പുറത്തെ പെട്രോൾ പമ്പിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തൊമ്മൻകുത്ത് ദർഭത്തൊട്ടി ഒഴുകയിൽ അനീഷിനെയാണ് (35) എട്ടംഗ സംഘം തട്ടിക്കൊണ്ടു പോയി മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോടിക്കുളം സ്വദേശിയും ആട്ടോറിക്ഷാ ഡ്രൈവറുമായ ജിനേഷ്, വണ്ണപ്പുറം സ്വദേശികളും ലോറി ഡ്രൈവർമാരുമായ നിസാർ, കുട്ടൻ എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനീഷിന്റെ ജ്യേഷ്ഠന്മാർ ജിനേഷിന് നൽകാനുള്ള ഒന്നേകാൽ ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം. ഇതിന് ശേഷം മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. മർദനമേറ്റ അനീഷ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.