പാലാ : സിവിൽ സ്റ്റേഷൻ മുതൽ സെന്റ് മേരീസ് സ്‌കൂൾ വരെയുള്ള ഭാഗത്ത് ജലഅതോറിറ്റിയുടെ റോഡ് തകർത്തുള്ള നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 100 മീറ്ററോളം ദൂരമുള്ള ഭാഗത്താണ് റോഡ് തകർത്ത് പൈപ്പുകൾ സ്ഥാപിച്ചത്. പൈപ്പിടുന്ന ജോലികൾ പൂർത്തിയായെങ്കിലും റോഡ് പൂർണമായും തകർന്ന് കിടക്കുകയാണ്. പാലാ - പൂഞ്ഞാർ ഹൈവയുടെ പാരലൽ റോഡായും നഗരത്തിൽ പ്രവേശിക്കാതെ തൊടുപുഴ, ഈരാറ്റുപേട്ട, രാമപുരം, വൈക്കം, കോട്ടയം ഭാഗത്തേക്ക് വാഹനങ്ങൾക്ക് പോകാനുള്ള എളുപ്പമാർഗമാണിത്. പാരലൽ റോഡിന്റെ നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും സിവിൽ സ്റ്റേഷൻ ജംഗ്ഷനിലെയും വൈക്കം റോഡിലെ ആർ.വി ജംഗ്ഷനിലെയും വീതി കുറവിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പാലാ പൗരസമിതി കത്തയച്ചു.
അപകടസാദ്ധ്യതയേറെ
റോഡ് കുത്തിപ്പൊളിച്ച് തകർത്തതോടെ വീതികുറഞ്ഞ റോഡിൽ ഗതാഗതക്കുരുക്കും അപകടസാദ്ധ്യതയുമാണ്. മഴപെയ്താൽ റോഡ് ചെളിനിറയുന്ന അവസ്ഥയാണ്. റോഡിന് നടുവിലായി ഉയർത്തി നിർമ്മിച്ചിരിക്കുന്ന സ്ലാബുകൾ ഇരുചക്രവാഹനങ്ങൾക്ക് ഉൾപ്പെടെ അപകടഭീഷണിയാണ്.
ശനിദശ തുടങ്ങിയത്
സ്ഥലം ഏറ്റെടുക്കലിലെ അപാകത മൂലം വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഈ ഭാഗത്തെ റോഡ് നിർമ്മാണം പി.ഡബ്ല്യു.ഡി താത്കാലികമായാണ് പൂർത്തിയാക്കിയിരിക്കുന്നത്. വീതിക്കുറവുള്ള 100 മീറ്റർ ഭാഗം മാസങ്ങൾക്ക് മുമ്പാണ് ടാറിംഗ് നടത്തിയും കോൺക്രീറ്റിംഗ് ചെയ്തും ഗതാഗതയോഗ്യമാക്കിയത്. വീതിക്കുറവുണ്ടെങ്കിലും കുരുക്കിൽപ്പെടാതെ വാഹനങ്ങൾക്ക് കടന്നുപോകാമായിരുന്നു. എന്നാൽ ജലഅതോറിട്ടി പൈപ്പിടുന്ന ജോലികൾ തുടങ്ങിയതോടെ റോഡിന്റെ ശനിദശ തുടങ്ങി