പാലാ : രാമപുരം പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം മാറ്റിയ അധികൃതരുടെ നടപടി വിവാദമാകുന്നു. 2001ൽ ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് ഓഫീസ് കോംപ്ലക്‌സിന്റെ ശിലാഫലകമാണ് മാറ്റിയത്. മുൻ കേന്ദ്രമന്ത്രിയും ഗവർണറുമായിരുന്ന എം.എം.ജേക്കബ്, മന്ത്രിമാരായിരുന്ന കെ.എം. മാണി, ചേർക്കളം അബ്ദുള്ള തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെടുത്തിയതായിരുന്നു ശിലാഫലകം. ഫ്രണ്ട് ഓഫീസ് നവീകരണത്തിന്റെ പേരു പറഞ്ഞാണ് ശിലാഫലകം മാറ്റിയതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.ടി. രാജൻ മുഖ്യമന്ത്രിയ്ക്കും, മാണി.സി. കാപ്പൻ എം.എൽ.എയ്ക്കും പരാതി നൽകി. എം.എം.ജേക്കബിനെ പോലുള്ളവരെ അപമാനിക്കാനാണിതെന്നും ശിലാഫലകം അടിയന്തിരമായി പുന: സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
മനപ്പൂർവം ഫലകം മാറ്റിയിട്ടില്ല
പഞ്ചായത്ത് ഓഫീസ് അടിയന്തിരമായി നവീകരിക്കുകയാണുണ്ടായതെന്നും ഇത് ഇവിടെ എത്തുന്ന പൊതുജനങ്ങളുടെ സൗകര്യാർത്ഥമാണ് ചെയ്തതെന്നും രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പറഞ്ഞു. മനപ്പൂർവം ശിലാഫലകം മാറ്റിയിട്ടില്ല. പ്രത്യേകിച്ചും കെ.എം.മാണിയുടെയും എം. എം. ജേക്കബിന്റെയും പേരിലുള്ളത്. അങ്ങനെ ഒരു ശിലാഫലകം ഉണ്ടായിരുന്നതായി ഫോട്ടോയോ മറ്റോ കാണിച്ചാൽ എത്രയും വേഗം അത്തരത്തിലുള്ള ഒരു ശിലാഫലകം സ്ഥാപിക്കാൻ തയ്യാറാണ്. ഇതു സംബന്ധിച്ച് കോൺഗ്രസിന്റെ പഞ്ചായത്ത് മെമ്പർമാർ പോലും പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.