പാലാ: ' അയാം ആൻ ആന്റ് ... ബിഗ് റെഡ് ആന്റ്....' കുഞ്ഞിക്കൂനൻ ഉറുമ്പിന്റെ പാട്ട് മധുര ശബ്ദത്തിൽ പാടി കുഞ്ഞു മനസ്സുകളെ കൈയിലെടുത്ത് ലക്ഷ്മി പ്രിയ ടീച്ചറും താരമായി. വിക്ടേഴ്‌സ് ചാനലിലെ ഈ അദ്ധ്യാപിക പാലാ ഇടപ്പാടി അരീപ്പാറ ഗവ. എൽ. പി. സ്‌കൂളിൽ നിന്നാണ്. ഇന്നലെ രാവിലെ ഒന്നാം ക്ലാസ്സുകാർക്കായി ലളിതവും രസകരവുമായ രീതിയിൽ ഇംഗ്ലീഷ് പാഠങ്ങൾ പറഞ്ഞു കൊടുത്ത ടീച്ചർക്ക് നാനാ ഭാഗങ്ങളിൽ നിന്നായി അഭിനന്ദനങ്ങളെത്തി. ഹെഡ്മാസ്റ്റർ സജി ഫ്രാൻസിസും സഹ അദ്ധ്യാപകരും പി.ടി.എ. അംഗങ്ങളുമൊക്കെ നല്ല വാക്കുകൾ പറഞ്ഞു. തുടർന്നുവരുന്ന രണ്ടുവെള്ളിയാഴ്ചകളിൽക്കൂടി അടുത്ത ഭാഗങ്ങളുടെ സംപ്രേക്ഷണവും പുന:സംപ്രേക്ഷണമുണ്ടാകും. കോട്ടയം ജില്ലയിൽനിന്ന് 'ഫസ്റ്റ് ബല്ലി' ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ അദ്ധ്യാപികയാണ് ലക്ഷ്മിപ്രിയ.
പാലാ പൂവരണി പാലയ്ക്കൽ കുടുംബാംഗമായ ലക്ഷ്മി പ്രിയ ഇടപ്പാടി അരീപ്പാറ സ്‌കൂളിൽ എത്തിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. ഏറ്റുമാനൂർ ഗവ. ടി.ടി.ഐ.യിൽ നിന്ന് ടി.ടി.സി. പാസ്സായ ലക്ഷ്മി ആദ്യം ജോലി ചെയ്തത് കടുത്തുരുത്തി പൂഴിക്കോൽ പോസ് റ്റോഫീസിലെ പോസ്റ്റുമാസ്റ്ററായാണ്. കുറച്ചു കാലം വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിലും പഠിപ്പിച്ചു. ഭർത്താവ് രാജീവ് കുമാർ സൗത്ത് ഇന്ത്യൻ ബാങ്കിൽ അസി. മാനേജരാണ്. രണ്ടു വയസ്സുകാരി ജാനകി ഏക മകളും.
'മുന്നിൽ കുട്ടികൾ ഇല്ലാതിരുന്നിട്ടും അവർ ഉണ്ടെന്ന് സങ്കൽപ്പിച്ച് ക്ലാസ്സെടുക്കുകയായിരുന്നു പ്രധാന വെല്ലുവിളി. ചിത്രീകരണം കഴിഞ്ഞപ്പോൾ വളരെ നന്നായി എന്ന് എല്ലാവരും പറഞ്ഞപ്പോഴാണ് സമാധാനമായത് ' ലക്ഷ്മി പ്രിയ പറയുന്നു.