കോട്ടയം : തരിശായി കിടന്ന മെത്രാൻ കായലിൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നെൽ കൃഷി നടത്തി നൂറ് മേനി വിളവെടുത്തതിന് പാരയുമായി സ്ഥലമുടമകളായ റാക്കിൻഡോ ഡവലപ്പേഴ്സ് കമ്പനി രംഗത്ത്.
മുൻ വർഷങ്ങളിൽ ഏക്കറിന് 13000 മുതൽ 15000 രൂപ വരെയായിരുന്ന പാട്ടത്തുക ഈ വർഷം 20000 മുതൽ 23000 രൂപ വരെ ഉയർത്തിയതായി കർഷകർ ആരോപിക്കുന്നു. ഇത് നഷ്ടമായതിനാൽ ആരും കൃഷിക്ക് തയ്യാറാകാതെ സ്ഥലം തരിശ് കിടക്കേണ്ടി വരും.
നാല്പതോളം കർഷകരാണ് കായൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നത്.കൃഷി ചെലവ് കൂടിയതിനാൽ ഉയർന്ന പാട്ടത്തുകയ്ക്ക് ഈ വർഷം കൃഷി നടത്താൻ കഴിയില്ലെന്ന നിലപാടിലാണവർ. നിലവിൽ കൃഷി ചെയ്തവരെ ഒഴിവാക്കി ഒറ്റയാൾ പാട്ടമാണ് കമ്പനി ഉദ്ദേശിക്കുന്നത്. മീൻ കൃഷിയ്ക്കും നീക്കമുണ്ട്.
കമ്പനി വാങ്ങിയത് 378 ഏക്കർ
378 ഏക്കർ മെത്രാൻ കായൽ നിലം പലരിൽ നിന്നായാണ് കമ്പനി വാങ്ങിയത്. വിമാനമിറങ്ങാനുള്ള സംവിധാനത്തോടെ വൻകിട ടൂറിസം പദ്ധതിയ്ക്ക് യു.ഡി.എഫ് സർക്കാർ അനുമതി നൽകിയത് ഇടതുമുന്നണി അധികാരത്തിലെത്തിയതോടെയാണ് റദ്ദാക്കിയത്. എട്ടുവർഷത്തോളം തരിശായി കിടന്ന മെത്രാൻ കായൽ പാട ശേഖരം ലക്ഷങ്ങൾ ചെലവഴിച്ചാണ് ബണ്ട് കെട്ടിയും വെള്ളം വറ്റിച്ചും സർക്കാർ കൃഷിയോഗ്യമാക്കിയത്. തുടർ വർഷങ്ങളിൽ മറ്റ് കർഷകരും കൃഷി നടത്തി. അന്ന് കാഴ്ചക്കാരായി നിന്ന കമ്പനി നാലുവർഷത്തിന് ശേഷമാണ് കടുത്ത നിബന്ധനകളുമായി രംഗത്തെത്തിയതെന്നാണ് ശ്രദ്ധേയം.
പ്രതിഷേധവുമായി എ.ഐ.വൈ.എഫ്
ഭൂമാഫിയകൾക്ക് പാടശേഖരം പാട്ടത്തിന് നൽകാനുള്ള കമ്പനി തീരുമാനം പിൻവലിക്കണമെന്നും നാട്ടുകാരായ കർഷകർക്കും സംഘടനകൾക്കും നെൽകൃഷിക്കായി നൽകണമെന്നും എ.ഐ.വൈ.എഫ് കുമരകം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷി ലാഭകരമായെന്ന് കണ്ടാണ് ഭൂമാഫിയ രംഗത്തു വന്നത്. പാടത്തു മീൻ വളർത്താനുള്ള നീക്കം ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പുറം ബണ്ട് നശിപ്പിക്കും. സർക്കാർ ഇടപെട്ട് നെൽ കൃഷി മാത്രമേ അനുവദിക്കാവൂ എന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.