theyyammaude-veedu

ഉദയനാപുരം പഞ്ചായത്തിലെ എട്ട് കുടുംബങ്ങൾ ദുരിതത്തിൽ

വൈക്കം : കരാറുകാരൻ ചതിച്ചതോടെ ഉദയനാപുരം പഞ്ചായത്തിലെ എട്ട് കുടുംബങ്ങൾക്ക് ഈ മഴക്കാലത്ത് കയറിക്കിടക്കാൻ വീടില്ല.പണി പാതിവഴിയിൽ അവസാനിപ്പിച്ച് പദ്ധതി തുകയും വാങ്ങി കരാറുകാരൻ സ്ഥലംവിട്ടതോടെ കടുത്ത ദുരിതത്തിലായി കുടുംബങ്ങൾ.

ഉദയനാപുരം പഞ്ചായത്തിൽ മിഷൻ പദ്ധതി പ്രകാരം 273 വീടുകളാണ് അനുവദിച്ചത്. സർക്കാർ പണം അനുവദിയ്ക്കുന്ന മുറയ്ക്ക് വീടുകൾ ഗുണഭോക്താക്കൾ സ്വന്തം നിലയ്ക്ക് തന്നെ പൂർത്തിയാക്കണമെന്നാണ് ലൈഫ് മിഷൻ പദ്ധതിയുടെ നിയമം. കരാറുകാരെ നിയോഗിക്കാൻ പദ്ധതിയിൽ വ്യവസ്ഥയില്ല. വീട് നിർമ്മാണത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കാൻ കഴിവില്ലാത്ത എട്ട് കുടുംബങ്ങൾക്ക് വാർഡ് മെമ്പർ തന്നെ ഇടപെട്ട് കരാറുകാരെ നിയോഗിക്കുകയായിരുന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗുണഭോക്താക്കളുടെ യോഗം വിളിച്ചുചേർത്താണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണം ഏറ്റെടുത്തത്. ആറ് മാസത്തിനകം വീട് പൂർത്തിയാക്കി നൽകാമെന്ന വ്യവസ്ഥയിൽ കരാർ ഉറപ്പിച്ചു. പണം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് വരുന്നതിനാൽ ഇവരിൽ നിന്ന് ഒപ്പിട്ട ചെക്കുകളും കരാറുകാർ മുൻകൂർ വാങ്ങി. അടിത്തറകെട്ടി പണി തുടങ്ങി. പക്ഷേ പിന്നീട് കരാറുകാരെ കണ്ടുകിട്ടാതായി. ചില വീടുകളുടെ തറ കെട്ടിയതിനുള്ളിൽ മണ്ണ് പോലും ഇട്ടിട്ടില്ല. ഏതാനും വീടുകൾ കോൺക്രീറ്റ് വരെ എത്തിച്ചു. 400000 രൂപയാണ് ഒരു വീടിന് അനുവദിക്കുന്നത്. ഇതിൽ 360000 വരെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുകയും മുൻകൂർ വാങ്ങിയ ചെക്കുകൾ ഉപയോഗിച്ച് കരാറുകാർ തുക എടുക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാവരും കൈമലർത്തി

ഗുണഭോക്താക്കൾ വിളിക്കുമ്പോൾ കരാറുകാരൻ ഫോൺ എടുക്കില്ല. എടുത്താൽ എന്തെങ്കിലും ഒഴിവ് കഴിവ് പറയും. പഞ്ചായത്ത് അധികൃതരും കൈമലർത്തുകയാണ്. നിയമപ്രകാരം വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ഉദ്യോഗസ്ഥൻ പരിശോധിച്ച് ബോദ്ധ്യപ്പെട്ട ശേഷമാണ് പണം അനുവദിക്കേണ്ടത്. ഇവിടെ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. അത് കരാറുകാരനെ സഹായിക്കാനാണെന്നാണ് ആരോപണം. പണി തീരാത്ത വീടുകളിലും പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയിലെ ഷെഡുകളിലുമൊക്കെയാണ് ഇപ്പോൾ കുടുംബങ്ങൾ കഴിയുന്നത്.

നിയമവിരുദ്ധമായി വീട് നിർമ്മാണം കരാറുകാരെ ഏൽപ്പിച്ചതിലും പണി തീരാതെ പണം നൽകിയതിലും വ്യക്തമായ അഴിമതിയുണ്ട്. അഴിമതിക്ക് കൂട്ടുനിന്നവർക്കെതിരെ നടപടി വേണം. വീടുകൾ പൂർത്തിയാകാത്തതിന്റെ ഉത്തരവാദിത്വം കരാറുകാരന് മാത്രമല്ല,. പഞ്ചായത്ത് ഭരണസമിതിക്കുമുണ്ട്.

വി.ബിൻസ്

(മണ്ഡലം കോൺഗ്രസ് ഐ പ്രസിഡന്റ്)