yhai-vitharanam-

വൈക്കം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വൈക്കം നഗരസഭയിലെ 26 വാർഡുകളിലെ 9000 വീടുകളിൽ പച്ചക്കറി കൃഷി നടപ്പാക്കും. 30 ലക്ഷം രൂപയാണ് ചെലവ്. രണ്ടര ലക്ഷം തൈകൾ വിതരണം ചെയ്തു. ഓരോ ഭവനങ്ങളിലും അടുക്കളതോട്ടം ക്രമീകരിച്ച് പച്ചക്കറികൃഷി നടത്തി ഓണ വിഭവങ്ങൾക്ക് സ്വന്തം പുരയിടത്തിലെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയാണ് ലക്ഷ്യം. തക്കാളി,വെണ്ട,പച്ചമുളക്,വഴുതന,പാവൽ,പടവലം തുടങ്ങി പതിനഞ്ചിനം തൈകളാണ് വിതരണം ചെയ്തത്. ഓരോ വാർഡുകളിലും വിതരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൃഷിക്കാവശ്യമായ പണി ആയുധങ്ങളും,ജൈവവളവും,ജൈവകീടനാശിനികളും സൗജന്യമായി നൽകും.തൈകളുടെ വിതരണം നഗരസഭ ചെയർമാൻ ബിജു വി.കണ്ണേഴൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി. ശശിധരൻ, ആർ. സന്തോഷ്, കെ. ആർ. രാജേഷ്, എം.ടി. അനിൽകുമാർ, കെ.ആർ. സംഗീത എന്നിവർ പങ്കെടുത്തു.