jose-k-mani

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജിവയ്ക്കണമെന്ന കൺവീനർ ബെന്നി ബെഹ്‌നാന്റെ നിർദ്ദേശം തള്ളി യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ച ജോസ് കെ. മാണി 'വരുന്നിടത്ത് വെച്ച് കാണാമെന്ന' നിലപാടിൽ എത്തി.

ഇതോടെ ജോസഫ് പക്ഷം കോൺഗ്രസുമായി ചേർന്ന് ജില്ലാപഞ്ചായത്തിൽ അവിശ്വാസപ്രമേയം കൊണ്ടു വരാനുള്ള നീക്കത്തിലാണ്. എന്നാൽ സി.പി.എം ജോസിനെ പിന്തുണച്ചാൽ അവിശ്വാസം പാസാകില്ല. നേരത്തേ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണിപാമ്പാടിയെ സി.പി.എം പിന്തുണയോടെ മാണി വിഭാഗം തോൽപ്പിച്ച് അട്ടിമറി നടത്തിയായിരുന്നു യു.ഡി.എഫ് വിട്ടത് .

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം വരെ മുൻകൂട്ടി ഉറപ്പാക്കിയുള്ള നിബന്ധനയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാമെന്നായിരുന്നു ജോസിന്റെ നിലപാട്. രാജിവച്ച ശേഷം മറ്റു ചർച്ചകളെന്നായിരുന്നു യു.ഡി.എഫ് തീരുമാനം. ഇത് അംഗീകരിക്കില്ലെന്ന് ജോസ് ഉറച്ചു നിൽക്കുകയാണ്. യു.ഡി.എഫ് നേതൃത്വം തങ്ങളോട് നീതി കാട്ടാതെ ജോസഫിനെ അനുകൂലിച്ചതിൽ ജോസ് വിഭാഗം കടുത്ത അമർഷത്തിലാണ്. എന്തു തീരുമാനത്തിനും അണികളുടെ പിന്തുണയുണ്ടെന്ന് ജോസ് വിഭാഗം അറിയിച്ചു .

ജോസ് കെ. മാണി

'കെ.എം. മാണി മരിക്കും മുമ്പ് ഉണ്ടാക്കിയ കരാർ അനുസരിച്ചാണ് രാജിവയ്‌ക്കാത്തത്. ഇല്ലാത്ത കരാറിന്റെ പേരിൽ രാജിവയ്‌ക്കണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെടുന്നത് നീതിയല്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലും പാലാ ഉപതിരഞ്ഞെടുപ്പിൽ റെബലിനെ നിറുത്തിയും ജോസഫ് യു.ഡി.എഫിൽ കലാപമുണ്ടാക്കി . എന്നിട്ടും നടപടി എടുത്തില്ല. ജോസഫിന്റെ ആവശ്യം അംഗീകരിക്കുന്നത് പാർട്ടി അനുഭാവികളുടെ മനോവീര്യം കെടുത്തും.

പി.ജെ.ജോസഫ്

'ഞങ്ങളുടെ നിലപാട് യു.ഡി.എഫ് അംഗീകരിച്ചതിൽ സന്തോഷം .യു.ഡി.എഫ് കരാർ ഇല്ലെന്ന നുണ ആവർത്തിച്ച ജോസിന്റെ ഗീബൽസിയൻ തന്ത്രം തള്ളിയത് ന്യായമായ തീരുമാനം. ഇനിയും അവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കുന്നില്ലെങ്കിൽ എന്തു വേണമെന്ന് യു.ഡി.എഫ് തീരുമാനിക്കും.