പൊൻകുന്നം : ഇന്ന് സംഗീത ദിനമായി ആചരിക്കുമ്പോൾ സംഗീതവഴിയിൽ അറുപതാണ്ട് പിന്നിട്ട് യാത്ര തുടരുകയാണ് പൊൻകുന്നം രാമചന്ദ്രൻ. കർണാടക സംഗീത ലോകത്തിന് ചിറക്കടവിന്റെ സംഭാവനയാണ് ഈ പ്രതിഭ. കിടങ്ങൂർ സ്വദേശി തങ്കമണിയുടെയും രാമപുരം സ്വദേശിനി ചെല്ലമ്മയുടെയും മകനായി ചിറക്കടവ് ഗ്രാമദീപം മുളകുന്നത്ത് വീട്ടിൽ 1949ലാണ് രാമചന്ദ്രൻ ജനിച്ചത്. ഗ്രാമദീപം കാരിപൊയ്ക റോഡരികിലുള്ള വീട്ടിലിരുന്ന് സഹോദരനൊപ്പം പാടിത്തുടങ്ങിയ രാമചന്ദ്രന്റെ പ്രതിഭ തിരിച്ചറിഞ്ഞ് സംഗീതവഴിയിലേക്ക് തിരിച്ചുവിട്ടത് ചിറക്കടവ് വി.എസ്.യു.പി.സ്‌കൂൾ അദ്ധ്യാപകൻ വടക്കയിൽ മാധവൻപിള്ളയാണ്.
വി.എസ്.യു.പി.സ്‌കൂൾ അദ്ധ്യാപിക സുമതിക്കുട്ടിയമ്മയായിരുന്നു പ്രഥമഗുരു. തുടർന്ന് പാമ്പാടി സോമരാജൻ, ചിറക്കടവ് സ്വദേശിയായ കലാമണ്ഡലം വാസുദേവൻ നായർ, പാലാ സ്വദേശി നാരായണൻ ഭാഗവതർ, കെ.പി.എ.സി.രവി എന്നിവരുടെ കീഴിലും അഭ്യസിച്ചു. കെ.പി.എ.സി.രവിയുടെ പ്രേരണയിൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ചേർന്നു. 1976ൽ അവിടെ നിന്ന് ഗാനപ്രവീണ വിജയിച്ചു. പിന്നീട് ഗുരുകുല സമ്പ്രദായത്തിൽ പഠനത്തിന് കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പ് ലഭിച്ചു. കർണാടക സംഗീത രംഗത്തെ പ്രതിഭയായിരുന്ന മാവേലിക്കര പ്രഭാകരവർമ്മയായിരുന്നു ഗുരുനാഥൻ. വർമ്മയുടെ മരണശേഷം അദ്ദേഹത്തിന്റെ 'ശ്രുതിബോക്‌സും തംബുരുവും രാമചന്ദ്രനു നൽകണം' എന്ന് വിൽപത്രം എഴുതിവച്ചിരുന്നു. ജീവിതത്തിലെ അമൂല്യനിധിയായി അദ്ദേഹമിത് സൂക്ഷിക്കുന്നു.
1979 മാർച്ചിൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ തന്നെ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് തൃപ്പൂണിത്തുറ ആർ.എൽ.വിയിൽ നൂറുകണക്കിന് ശിഷ്യർക്ക് ഗുരുവായി മാറി രാമചന്ദ്രൻ. 26 വർഷത്തെ ഔദ്യോഗിക ജീവിതം 2005 മാർച്ചിൽ പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിൽ പ്രിൻസിപ്പൽ തസ്തികയിൽ നിന്ന് വിരമിക്കുന്നത് വരെ തുടർന്നു.
ഓൺലൈൻ ക്ലാസുകളിലും സജീവം
ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പേർക്ക് സംഗീതത്തിൽ ഓൺലൈൻ ക്ലാസുകളിലൂടെയും സംഗീതകച്ചേരികളിലൂടെയും ഇപ്പോഴും സജീവമാണിദ്ദേഹം. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ഗ്രേഡഡ് ആർട്ടിസ്റ്റാണ്. 1972 മുതൽ ആകാശവാണിയിൽ പാടുന്നു. തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ വിശ്വരൂപ സംഗീതരത്‌ന അവാർഡ്, ഇരയിമ്മൻ തമ്പി സ്മാരക സംഗീത സഭയുടെ ഗാനരത്‌ന, കുവൈറ്റ് ഗുരുലയം സംഗീത കുലപതി, ഇത്തിത്താനം ഭാസി കലാക്ഷേത്രയുടെ നാദലയ പുരസ്‌കാരം എന്നിവയും ലഭിച്ചു. കഴിഞ്ഞ മൂന്നു വർഷമായി കോട്ടയത്ത് കുമാരനല്ലൂർ ദേവീക്ഷേത്രത്തിന് സമീപമാണ് താമസിക്കുന്നത്.