കോട്ടയം : ജില്ലയിലേയ്‌ക്ക് എത്തുന്ന ലക്ഷങ്ങളുടെ കഞ്ചാവ് ആരുടെ കൈകളിലേയ്ക്കാണ് എത്തുന്നതെന്നു കണ്ടെത്താനാവാതെ പൊലീസും എക്‌സൈസും നട്ടംതിരിയുന്നു. ഒരു മാസത്തിനിടെ ജില്ലയിൽ 125 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടും പിടികൂടിയത് ഇടനിലക്കാരെയാണ്. ഏറ്റുമാനൂരിൽ എക്‌സൈസ് 65 കിലോ കഞ്ചാവ് പിടികൂടി ഒരു മാസം കഴിഞ്ഞിട്ടും ഇത് കൊടുത്തുവിട്ടയാളെയും, വാങ്ങാൻ കാത്തു നിന്നവരെയും കണ്ടെത്തിയിട്ടില്ല. കടുത്തുരുത്തിയിൽ പൊലീസ് പിടികൂടിയ 60 കിലോ കഞ്ചാവിലും സ്ഥിതി ഇതു തന്നെ.
കേസിൽ അറസ്റ്റിലായ മൂലവട്ടം തെക്കേക്കുറ്റിക്കാട്ടിൽ പ്രദീപിന്റെ മകൻ അനന്തു (24), കല്ലറ പുതിയകല്ലുമടയിൽ റെജിമോൻ മകൻ അതുൽ (29) എന്നിവർ റിമാൻഡിലാണ്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് മാത്രമാണ് പൊലീസിന് അറിയാവുന്നത്.
തെളിവില്ല , വഴി മുട്ടി
കഞ്ചാവ് കടത്തുകേസുകളിൽ കൃത്യമായി തെളിവ് കണ്ടെത്താനാവാത്തതിനാലാണ് അന്വേഷണം വഴിമുട്ടുന്നതെന്നാണ് പൊലീസ് - എക്‌സൈസ് ഭാഷ്യം. കഞ്ചാവ് കടത്തുന്ന കേസുകളിൽ പിടിയിലാകുന്നതിൽ ഏറെയും ഇടനിലക്കാരോ, കഞ്ചാവ് വാഹനങ്ങളിൽ കടത്തുന്നവരോ ആണ്. ആന്ധ്രയിൽ താമസിച്ച് കഞ്ചാവ് കയറ്റി അയക്കുന്ന വൻകിടക്കാരെ കണ്ടെത്തിയാലേ കഞ്ചായവ് മാഫിയയുടെ അടിവേര് ഇളയ്ക്കാനാകൂ.