കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. അറിയിച്ചു. കെ.എം. മാണി രൂപം കൊടുത്ത കരാർ അതേപടി തുടരണമെന്നതാണ് നിലപാട്. ചങ്ങനാശേരി നഗരസഭ തിരഞ്ഞെടുപ്പിൽ രേഖാമൂലമുള്ള കരാറിൽ പാർട്ടി ഉറച്ചുനിന്നുകൊണ്ടാണ് ജോസഫ് വിഭാഗത്തിന് ചെയർമാൻ പദവി ലഭിച്ചത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് പദവി രാജിവച്ചു. ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും കരാറുകൾ കൃത്യമായി പാലിച്ചിട്ടുണ്ട്. ഇതേ കരാർ മാത്രമാണ് ജില്ലാ പഞ്ചായത്തിലുമുള്ളത്. അവിടെ മാത്രം കരാറിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നത് അനീതിയാണ്. നിർണായക ഘട്ടങ്ങളിലെല്ലാം കലഹം സൃഷ്ടിക്കുന്ന പി.ജെ.ജോസഫിന്റെ നീക്കങ്ങൾക്ക് ശാശ്വത വിരാമം ഉണ്ടാകുന്നതിനുള്ള ചർച്ചയും തീരുമാനവും ഉണ്ടാവണമെന്നാണ് യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതിൽ വ്യക്തത വരുത്തേണ്ടത് യു.ഡി.എഫിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.