മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാൻ മൂക്കിൽ പഞ്ഞിയുംവച്ച് ശവപ്പെട്ടിയിൽ കിടന്നുള്ള 'സമരാഭാസമുറകൾ' കണ്ട് ഇനിയും എന്തൊക്കെ കാണേണ്ടി വരുമെന്ന് പറഞ്ഞ് ദൈവത്തെ വിളിച്ചു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ. കളക്ടറേറ്റിന് മുന്നിലോ പോസ്റ്റ് ഓഫീസിന് മുന്നിലോ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചുള്ള സമരമുറയായിരുന്നു മിക്ക രാഷ്ടീയ പാർട്ടികളും നടത്തി വന്നത്. ഇതിന് കാര്യമായ മാദ്ധ്യമശ്രദ്ധ കിട്ടാതെ വന്നതോടെയാണ് കൗതുകകരമായ സമരമുറകൾ പല പാർട്ടികളും തുടങ്ങിയത്. കേരളകോൺഗ്രസ് ഗ്രൂപ്പുകളിലെ ചില നേതാക്കളെ കഴിഞ്ഞിട്ടേ മാദ്ധ്യ ശ്രദ്ധ പിടിച്ചു പറ്റുന്ന സമരമുറകളുള്ളൂ. പി.സി.തോമസായിരുന്നു ഇതിൽ മുന്നിൽ. റബർ വിലയിടിവിനെതിരെ റബർ ഷീറ്റ് ഉടുത്തും, ഷീറ്റിൽ കിടന്നും റോഡിൽ ശയനപ്രദക്ഷിണം നടത്തിയും റബർ തടി ചുമന്നുമൊക്കെ എത്ര സമരങ്ങളാണ് പാർലമെന്റിന് മുന്നിലും കോട്ടയം ഹെഡ് പോസ്റ്റാഫീസിനും കളക്ടറേറ്റിനു മുന്നിലും നടത്തിയത്. മുല്ലപ്പെരിയാർ ഡാം ചോർച്ച പ്രശ്നമുയർത്തി വെള്ളത്തിൽ ചാടിയും വീപ്പകുറ്റിയിൽ വെള്ളം നിറച്ച് അതിൽ ഇറങ്ങിയും വരെ സമരം ചെയ്തിട്ടുണ്ട് പി.സി. തെരുവു നായ്ക്കളുടെ ശല്യത്തിനെതിരെ കോട്ടയത്തെ കുറെ നായ്ക്കളെ കൊന്ന് നഗരസഭാ കവാടത്തിന് മുന്നിൽ കെട്ടിതൂക്കിയിട്ടു പ്രദർശിപ്പിച്ച സമരത്തിൽ മൃഗസ്നേഹി മേനകാഗാന്ധി വരെ കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു.
കൊവിഡ് കാലമെത്തിയതോടെ പഴയ സമരമുറകൾ ഏക്കാതെ വന്നു. സാമൂഹ്യ അകലം പാലിച്ച് അഞ്ചു പേരിൽ കൂടുതൽ സമരം നടത്തരുതെന്നായിരുന്നു തീരുമാനം. ആദ്യമൊക്കെ മുഖാവരണം ധരിച്ച് പലരും ഇതു പാലിച്ചു. ഇപ്പോൾ കാമറ കാണുമ്പോൾ മുഖാവരണം കഴുത്തിലേക്ക് താഴ്ത്തും. അഞ്ചുപേരെന്നത് 50 പേർക്ക് മുകളിലായി. നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന ഒഴിവാക്കണമെന്നാവശ്യപ്പെട് കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ സത്യാഗ്രഹസമരത്തിൽ ഇരിക്കാൻ അമ്പതിലേറെ കസേരകൾ ഇട്ടിരുന്നു. നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയാണ് പത്രങ്ങളിൽ വന്നത്.
ഇന്ധനവില വർദ്ധനവിനെതിരെ കേരളകോൺഗ്രസ് ജോസ് വിഭാഗം നടത്തിയ സമരത്തിൽ കെ.ടി.യു.സി ജില്ലാ പ്രസിഡന്റായിരുന്നു ശവപ്പെട്ടിയിൽ കിടന്നത്. തലയിൽ പൂക്കൾ കൊണ്ടുള്ള വെളുത്ത ചെണ്ടും കൈയിൽ വെള്ള ഗ്ലൗസുമൊക്കെയിട്ട് ഒരുക്കി യഥാർത്ഥ ക്രിസ്ത്യനികളുടെ മരണം പ്രതീകാത്മകമായി അവതരിപ്പിച്ചതിന് കൂടുതൽ ഒറിജിനാലിറ്റി കിട്ടാൻ അനുയായികൾ മൂക്കിന്റെ ഇരുദ്വാരത്തിലും പഞ്ഞിവച്ചായിരുന്നു ശവപ്പെട്ടിയിൽ കിടത്തിയത്. ശ്വാസം മുട്ടിയപ്പോൾ ശക്തമായി ശ്വാസം എടുത്തതോടെ മൂക്കിൽ വച്ച പഞ്ഞി തെറിച്ചു പോയത് പത്ര ,ചാനൽ കാമറാമാന്മാർക്കും ചാനലുകളിലെ വാർത്താധിഷ്ടിത ഹാസ്യ പരിപാടികണ്ട നാട്ടുകാർക്കും ചിരിക്കാനുള്ള വകയായി.
ഇന്ധനവില വർദ്ധനവ് പ്രതിഷേധക്കാർക്ക് ഇഷ്ടവിഷയമാണ്. പണ്ട് ഷെഡിൽ കയറിയ കാളവണ്ടി ഇറക്കാം, കാറ് കെട്ടി വലിക്കാം, ബൈക്ക് ഉന്തു വണ്ടിയിൽ കയറ്റിയും അല്ലാതെയും തള്ളാം, അടുപ്പ് കത്തിക്കാം, ചൂട്ട് കത്തിക്കാം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇനി ഓൺലൈൻ സമരം നടത്തേണ്ട ഗതികേടിലേക്ക് രാഷ്ട്രീയക്കാരെത്തിയതിൽ ചുറ്റുവട്ടം ആശ്വസിക്കുകയാണ്.