bed

പാലാ : ജനറൽ ആശുപത്രിയിൽ കൊവിഡ് ബാധിതരെ എത്തിച്ച് തുടങ്ങി. ഇന്നലെ അർദ്ധരാത്രിയോടെയാണ് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജിലെയും ജില്ലാ ആശുപത്രിയിലെയും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ജനറൽ ആശുപത്രിയിലേക്ക് രോഗബാധിതരെ എത്തിച്ചത്. അതീവ സുരക്ഷിതമായ ചികിത്സാ സൗകര്യങ്ങളാണ് ജനറൽ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളതെന്നും പൊതുജനത്തിന് ആശങ്ക വേണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു സി. മാത്യു അറിയിച്ചു. കൊവിഡ് പ്രാഥമികതല ചികിത്സാ കേന്ദ്രം എന്ന നിലയിൽ നൂറോളം കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. 6 ഡോക്ടർമാരും 12 നഴ്‌സുമാരും അടങ്ങുന്ന പ്രത്യേകസംഘമാണ് രോഗികളെ ചികിത്സിക്കുന്നത്. ആശുപത്രിയുടെ പുതിയ കെട്ടിടത്തിലാണ് കൊവിഡ് വാർഡുകൾ.

ഇന്ന് മുതൽ അതീവ സുരക്ഷാമേഖല

ആശുപത്രി പരിസരം ഇന്ന് മുതൽ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ആശുപത്രിയുടെ പുതിയ ബ്ലോക്കിലേക്കും പരിസരത്തേക്കും പൊതുജനത്തിന് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 5 സെക്യൂരിറ്റി ജീവനക്കാരുടെ നിയന്ത്രണത്തിലാകും പരിസരം. ആശുപത്രിയിലെ സജ്ജീകരണങ്ങൾ മാണി സി.കാപ്പൻ എം.എൽ.എ വിലയിരുത്തി. പാലായിലും പരിസര പ്രദേശങ്ങളിലും ഉള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്ന് എം.എൽ.എ പറഞ്ഞു.