lahari

കോട്ടയം: വീര്യം കൂടിയ 8.91 ഗ്രാം തൂക്കം വരുന്ന 22 എം.ഡി.എം.എയും, 0.63 ഗ്രാം ഹാഷിഷുമായി രണ്ടു യുവാക്കൾ കുറുപ്പന്തറയിൽ പിടിയിലായി. തിടനാട് ചെങ്ങഴ വീട്ടിൽ ബിനോയുടെ മകൻ ബെൻ ജോസ് ബിനോയ് (20), കാഞ്ഞിരപ്പള്ളി കപ്പാട് കരയിൽ തൈപ്പറമ്പ് വീട്ടിൽ മാനുവൽ മകൻ ജെർമിയ മാനുവൽ (21) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എ. മജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറും പിടിച്ചെടുത്തു.
ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. കടുത്തുരുത്തി, കുറവിലങ്ങാട്, വൈക്കം, തലയോലപ്പറമ്പ് മേഖലകളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബംഗളൂരു മോഡലിൽ വീര്യം കൂടിയ ലഹരി മരുന്നുകൾ എത്തിക്കുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. വാഹന പരിശോധനയ്ക്കിടെ ആഡംബരകാർ തടഞ്ഞു നിർത്തി. പരിശോധനയിൽ കാറിനുള്ളിൽ നിന്ന് ലഹരി മരുന്നുകൾ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സാബു.സി, മേഘനാഥൻ പി.എ, അനീഷ് കുമാർ കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദരാജ്, തോമസ് ചെറിയാൻ, പ്രമോദ്, തൻസീർ, സുമേഷ്, മഹേഷ്, മഹാദേവൻ, രാജേഷ്, സിദ്ധാർത്ഥ് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ചിത്ര, ധന്യാ മോൾ ,ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

വീര്യം കൂട്ടാൻ പുതുതലമുറ ലഹരി

കഞ്ചാവിനെയും മദ്യത്തേക്കാളും വീര്യം കിട്ടുമെന്ന തോന്നലിലാണ് യുവാക്കൾ എം.ഡി.എം.എമ്മിലേക്ക് തിരിയുന്നത്. ബംഗളൂരുവിലെ ലഹരിമാഫിയ സംഘങ്ങളും മരുന്ന് വ്യവസായികളുമാണ് ഇവ എത്തിക്കുന്നത്.

370 മില്ലിഗ്രാം തൂക്കമാണ് ഒരു ക്യാപ്സൂൾ എം.ഡി.എം.എയ്ക്ക് ഉണ്ടാകുക. ബംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇവ 4000 മുതൽ 4500 രൂപയ്ക്ക് വരെയാണ് ഇവിടെ വിൽക്കുന്നത്.