കോട്ടയം: യു.ഡി.എഫ് നേതൃത്വം അസന്ദിഗ്ദ്ധമായി ആവശ്യപ്പെട്ടിട്ടും, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കില്ലെന്നും, പ്രശ്നപരിഹാര ചർച്ചയാകാമെന്നുമുള്ള നിലപാടിൽ ജോസ് കെ. മാണി. ആദ്യം രാജി, പിന്നെ ചർച്ചയെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ പി.ജെ.ജോസഫും. ഇതോടെ,പ്രശ്ന പരിഹാരം മുന്നണി നേതൃത്വത്തിന് വീണ്ടും കീറാമുട്ടിയായി.
രാജി വേണമെന്ന യു.ഡി.എഫിന്റെയും കോൺഗ്രസ് രാഷ്ടീയകാര്യ സമിതിയുടെയും കോട്ടയം ഡി.സി.സിയുടെയും നിർദ്ദേശം തള്ളി ജോസ് കൂസലില്ലാതെ നിൽക്കുന്നതിന്റെ അമർഷത്തിലാണ് യു.ഡി.എഫ് നേതാക്കൾ. അതിനിടെ, തൊടുപുഴയിൽ ചേർന്ന പാർട്ടി നേതൃയോഗം ഉചിതമായ നടപടി സ്വീകരിക്കാൻ ജോസഫിനെ ചുമതലപ്പെടുത്തിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി.
ജില്ലാ പഞ്ചായത്തിൽ അംഗബലം കുറവായതിനാൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകണമെങ്കിൽ ജോസഫ് ഗ്രൂപ്പിന് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണ വേണം. അത്തരമൊരു സാഹചര്യം വന്നാൽ ജോസ് വിഭാഗത്തിന് യു.ഡി.എഫ് വിടേണ്ടി വരും. ഇതൊഴിവാക്കാനാണ് ഇനിയും ചർച്ചയ്ക്ക് യു.ഡി.എഫ് ശ്രമിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ, പ്രശ്നം ഒന്നു രണ്ട് മാസം നീട്ടിക്കൊണ്ടുപോയാൽ രാജിയും പ്രസിഡന്റ് തിരഞ്ഞെടുപ്പും വേണ്ടിവരില്ല. ജോസ് വിഭാഗത്തിന് തുടരാം. ഈ സംശയത്താലാണ് ഇനി ചർച്ചയില്ലെന്ന് ജോസഫും കടുപ്പിക്കുന്നത്.
'രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് പാർട്ടിയുടേത്. പ്രശ്ന പരിഹാരത്തിന് ചർച്ചയാകാമെന്ന ഉമ്മൻചാണ്ടിയുടെ നിലപാട് സ്വാഗതാർഹമാണ്'.
-ജോസ് കെ. മാണി
'രാജി ആവശ്യപ്പെട്ടത് യു.ഡി.എഫ് നേതൃത്വമാണ്, ഇനി എന്തു വേണമെന്ന് തീരുമാനിക്കേണ്ടതും'
-പി.ജെ ജോസഫ്.
. 'ചർച്ചയിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാമെന്നാണ് പ്രതീക്ഷ. ഇരു വിഭാഗവും
യു.ഡി.എഫിലുണ്ടാവുമെന്നാണ് വിശ്വാസം'
-ഉമ്മൻചാണ്ടി