അടിമാലി: പ്രളയത്തിൽ വീടും പുരതിടവുമൊക്കെ നശിച്ചവർക്ക് ലഭിച്ച വാഗ്ദാനങ്ങൾക്ക് കയ്യും കണക്കുമില്ല. പക്ഷെ കാര്യത്തോടടുത്തപ്പോൾ പലതും നടപ്പിലായില്ലെന്ന് മാത്രം.ഒന്നാം പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട വെള്ളത്തൂവലിലെ ലെ 11 കുടുംബങ്ങളുടെ പുനരധിവാസം ഇപ്പോഴും സർക്കാർ ഫയലുകളിൽ ഒതുങ്ങിയത്.
കല്ലാർകുട്ടി ചെമ്മഞ്ചേരിൽ തെയ്യാമ്മ, ശല്ലാംപാറ പനയ്ക്കൽ സുബൈദ, കത്തിപ്പാറ നാരായണവിലാസം അമ്മിണി, പനംകുട്ടിസ്വദേശികളായ കുന്നേൽ സന്ധ്യാ ബിജു, പുളിക്കകുന്നേൽ ജോർജ്കുട്ടി, കൈമലപുത്തൻപുരയിൽ അലിയാർ, മുണ്ടുമാലിൽ ശാരദ, പട്ടാളമ്മൻ ഹരിലാൽ, പുളിക്ക കുന്നേൽ ജോൺസൺ, കുത്തുപാറ കൃഷ്‌ണോടിയിൽ സണ്ണി മാത്യു, അമ്പഴച്ചാൽ വാക്കേകര ബിജോയി ജോസഫ് എന്നിവരാണ് ദുരിതത്തിൽ കഴിയുന്നത്.
2018 ൽ ഉണ്ടായ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ഇവർക്ക് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.തുടർന്ന് വെള്ളത്തൂവലിൽ വൈദ്യുതി വകുപ്പിന്റെ ഭൂമി ഏറ്റെടുത്ത് 3 സെന്റ് സ്ഥലവും വിതരണം ചെയ്തു. എന്നാൽ വിതരണം ചെയ്ത സ്ഥലം യാതൊരു സൗകര്യങ്ങളും ഇല്ലാത്ത മലമുകളിൽ വഴിയും, ശുദ്ധജലവും ലഭിക്കാത്ത സ്ഥലമായതിനാൽ ഇവർ ലഭിച്ചപ്ലോട്ടുകൾ വേണ്ടന്നു വെച്ചു. പകരം പ്ലോട്ടുകൾ വേണമെന്ന് ആവശ്യപ്പെട്ടു.
പ്രളയബാധിതരുടെ ഈ അവശ്യം സർക്കാർ ചെവി കൊള്ളാതെ സംസ്ഥാന ദുരന്ത പ്രതികരണ നിധി മാനദണ്ഡങ്ങൾ പ്രകാരം 1.19 ലക്ഷം രൂപ മാത്രം അനുവദിച്ച് 11 കുടുബങ്ങളെ പട്ടികയിൽ നിന്നും പുറത്താക്കി. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദുരിതബാധിതർ നൽകിയ നിവേദനങ്ങൾക്ക് ഇനിയും പരിഹാരം കാണാനായിട്ടില്ല.. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ഇവർ ഒന്നര മാസം ക്യാമ്പിൽ കഴിഞ്ഞു. ക്യാമ്പ് അവസാനിച്ചപ്പോൾ വാടക വീട്ടിൽ താമസിക്കാൻ നിർദ്ദേശിച്ചു. വാടക സർക്കാർ നൽകുമെന്ന് പറഞ്ഞിട്ടും അതും നൽകിയില്ല. ഇവർ ഇപ്പോഴും വാടക വീട്ടിൽ കഴിയുന്നു.കൊവിഡ് 19നെ തുടർന്ന് കൂലി പണിയും നഷ്ടപ്പെട്ട ഇവർ വാടക കൊടുക്കാൻ പോലും കഴിയാതെ ദുരിതത്തിലാണ്. സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകിയിട്ടില്ല.എന്നാൽ പ്ലോട്ട്‌ലഭിച്ച് വീട് പണി ആരംഭിച്ചവർ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ വൈദ്യുത ബോർഡിന്റെ സ്ഥലത്തെ വീട് നിർമ്മാണം ഉപേക്ഷിച്ച നിലയിലുമാണ്.