മൂന്നുപേർക്ക് രോഗ വിമുക്തി
കൊതവറയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് രോഗം
കോട്ടയം : ജില്ലയിൽ ഇന്നലെ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8 പേർ മുംബയിൽ നിന്നും ഒരാൾ ചെന്നൈയിൽ നിന്നും ഒരാൾ സൗദി അറേബ്യയിൽ നിന്നുമാണ് എത്തിയത്. കൊതവറയിലെ ഒരു കുടുംബത്തിലെ ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാലുപേരും മുത്തോലിയിലെ ഒരു കുടുംബത്തിലെ മൂന്നുപേരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നുപേർ രോഗ വിമുക്തി നേടി. ഇന്നലെ രോഗം സ്ഥിരീകരിച്ച എല്ലാവരെയും പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുബായിൽ നിന്നെത്തിയ ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനി (26), താജിക്കിസ്ഥാനിൽ നിന്നെത്തിയ കങ്ങഴ സ്വദേശി (28), മുംബയിൽ നിന്നെത്തിയ കുമാരനല്ലൂർ സ്വദേശിനി (32) എന്നിവരാണ് രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടത്. ജില്ലയിൽ ഇതുവരെ ആകെ 62 പേരാണ് രോഗമുക്തരായത്.
83 പേർ ചികിത്സയിലുണ്ട്. 40 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 24 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും 19 പേർ പാലാ ജനറൽ ആശുപത്രിയിലുമാണ്. ഇതിനു പുറമെ കോട്ടയം ജില്ലക്കാരായ മൂന്നു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ചവർ
ജൂൺ 4 ന് മുംബയിൽ നിന്നെത്തിയ മുത്തോലി സ്വദേശിനി(60), ഇവരുടെ മകൻ(37), മകന്റെ മകൻ (6)
ജൂൺ 5 ന് മുംബയിൽ നിന്നെത്തിയ തലയാഴം കൊതവറ സ്വദേശിനി(57), ഇവരുടെ മൂന്ന് ആൺ മക്കൾ(21 വയസുകാരനും 11 വയസുള്ള ഇരട്ടകളും)
ജൂൺ 8 ന് മുംബയിൽ നിന്നെത്തിയ പായിപ്പാട് സ്വദേശി(35)
ജൂൺ 6 ന് ചെന്നൈയിൽ നിന്നെത്തിയ ചെമ്പ് സ്വദേശി(32)
ജൂൺ 11 ന് സൗദിയിൽ നിന്നെത്തിയ വെള്ളാവൂർ സ്വദേശിനി (36)