കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിവാദത്തിൽ ഒരു വിഭാഗം കോൺഗ്രസുകാർ ജോസഫിനെ പിന്തുണച്ച് കളി നടത്തുകയാണെന്ന ആരോപണവുമായി ജോസ് വിഭാഗം.

യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയതിന്റെ പാപഭാരം ജോസ് വിഭാഗത്തിന്റെ ചുമലിലാക്കാനുള്ള കളിക്കു പിന്നിൽ കോട്ടയത്തെ കോൺഗ്രസിലെ കുറേ നേതാക്കളാണെന്നാണ് പ്രചാരണം. ജോസ് വിഭാഗത്തെ മാനസികമായി തളർത്തി യു.ഡി.എഫിൽ നിന്നു ചാടിക്കാൻ ജോസഫും കോൺഗ്രസിലെ പ്രബല വിഭാഗവും കാത്തിരിക്കുന്നു . നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനുള്ള കോൺഗ്രസ് തന്ത്രത്തിന്റെ ഭാഗമായാണ് ജോസഫിനൊപ്പം ചേർന്നുള്ള കളിയെന്നാണ് വിലയിരുത്തൽ.

പി.ജെ ജോസഫിന് വേണ്ടി നില കൊള്ളുന്ന യു.ഡി.എഫ് നേതാക്കളോട് ചില ചോദ്യങ്ങൾ എന്നപേരിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വന്ന 12 ചോദ്യങ്ങൾ:

1. പാലാ തിരഞ്ഞെടുപ്പിൽ ചിഹ്നത്തിന്റെ കാര്യത്തിൽ യു.ഡി.എഫ് എടുത്ത ധാരണ ജോസഫ് പാലിച്ചോ?

2. യു.ഡി.എഫ് തീരുമാനിച്ച സ്ഥാനാർത്ഥിയുടെ നോമിനേഷൻ തള്ളിക്കാൻ റിബൽ സ്ഥാനാർത്ഥിയെ നിർത്തി ജോസഫ് യു.ഡി.എഫിനെ തോൽപ്പിക്കാൻ ശ്രമിച്ചില്ലേ?

3. പാലാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് എതിരെ പരസ്യ നിലപാട് എടുത്തു തോൽപ്പിച്ചിട്ട് യു.ഡി.എഫ് എന്ത്‌ നടപടിയാണ് സ്വീകരിച്ചത്?

4. അകലകുന്നത്തും ബ്ലാളാലിലും നിങ്ങൾ ധാരണ ഉണ്ടാക്കിയോ?

5. ഉപതിരഞ്ഞെടുപ്പുകൾ കഴിയും വരെ പരസ്യ പരസ്യ പ്രസ്താവന അരുതെന്ന് പറഞ്ഞിട്ട് ജോസഫ് അനുസരിച്ചോ?

6. കെ.എം മാണിയുടെ കുടുംബത്തെ വരെ അപമാനിച്ചപ്പോൾ നിങ്ങൾ വിലക്കിയോ?

7. അന്നൊക്കെ ഈ യു.ഡി.എഫ് നേതാക്കൾ എവിടയായിരുന്നു.?

8. ജോസഫ് ഗ്രൂപ്പ്‌ മാണി ഗ്രൂപ്പിൽ വന്നപ്പോൾ നിങ്ങൾ പറഞ്ഞത് എന്താണെന്ന് ഓർമ്മയുണ്ടോ?

9. അന്ന് തൊടുപുഴയിൽ യൂത്ത് ഫ്രണ്ട്കാരെ നിങ്ങൾ തെരുവിൽ കൈകാര്യം ചെയ്തത് ഓർമ്മയുണ്ടോ?

10. ഇതെല്ലാം സഹിച്ചിട്ടും നിങ്ങൾ ജോസഫിനു വേണ്ടി വാദിക്കാൻ വന്നിരിക്കുന്നുത് എന്തിന്?

11. പിണറായിയുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയതിയതും സപ്ലിമെന്റ് ഇറക്കിയതും ആരാണ്?

12. യു.ഡി.എഫ് നിലപാടിന് വിരുദ്ധമായി പിണറായി സർക്കാരിനെ പരസ്യമായി പുകഴ്ത്തി പാടിയത് ആരാണ്?