kakoosmalinyam

ഉദയനാപുരം : എന്തൊരു ദ്രോഹമാണിത്. ദുർഗന്ധം ഒരുവഴിക്ക്, ദുരിതം മറുവഴിക്ക്... കുടിവെള്ളം പോലും മുട്ടുമെന്ന അവസ്ഥ. നാട്ടുതോട്ടിലെ മാലിന്യം കണ്ട് പലർക്കും മനംപുരട്ടുകയാണ്. വേമ്പനാട്ടു കായലിനേയും കരിയാറിനേയും ബന്ധിപ്പിച്ച് ഉദയനാപുരത്തെ വല്ലകത്തു കൂടി കടന്നുപോകുന്ന നാട്ടുതോട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുകയാണ്. രാത്രി കാലങ്ങളിൽ ടാങ്കർ ലോറിയിൽ എത്തിക്കുന്ന മാലിന്യം തോട്ടിലേയ്ക്ക് ഒഴുക്കിവിടുകയാണ്. ഇവിടെ വാട്ടർ അതോറിട്ടിയുടെ ജല വിതരണ പൈപ്പിന് മുകളിലേക്കും മാലിന്യം ഒഴുക്കുന്നതായി പരാതിയുണ്ട്. തോടിനിരുകരകളിലും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരാണ് ഇപ്പോൾ കടുത്ത ദുരിതത്തിലാകുന്നത്. തോട്ടിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധം മൂലം വീടുകളുടെ ജനാലകൾ പലരും തുറക്കാറില്ല. വൈക്കം നഗരസഭയുടേയും ഉദയനാപുരം പഞ്ചായത്തിന്റേയും പരിധിയിലൂടെ ഒഴുകുന്ന തോട്ടിൽ പായലും പോളയും മാലിന്യങ്ങളും തിങ്ങിയതോടെ നീരൊഴുക്കും നിലച്ച അവസ്ഥയാണ്.

ആഴംകൂട്ടി വൃത്തിയാക്കണം

വലിയ കേവുവള്ളങ്ങൾ കടന്നു പോയിരുന്ന തോടാണ് ഇപ്പോൾ പായൽ മൂടിയിരിക്കുന്നത്. ഇത്തിപ്പുഴ, മുറിഞ്ഞപുഴ ഭാഗങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികളെ നാടൻ വള്ളങ്ങളിൽ ഈ തോടിലൂടെ കൊണ്ടുവന്നിരുന്നതും തോടു മലിനമായതോടെ നിലച്ചു. തോട് ആഴം കൂട്ടി ശുചീകരിച്ച് നീരൊഴുക്ക് പുനസ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കക്കൂസ് മാലിന്യം പൊതുതോട്ടിൽ തള്ളുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്നും ഉയരുന്നത്.