tv

കോട്ടയം: ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചതോടെ ഗൃഹോപകരണ വിൽപ്പനശാലകളിൽ കച്ചവടം ടി.വിക്ക് മാത്രമായി. ലോക്ക് ഡൗണോടെ തകർന്ന വിപണിക്ക് ഇപ്പോൾ കിട്ടുന്ന ആശ്വാസവും ചെറുതല്ല. ഡിമാൻഡ് അനുസരിച്ച് ടി.വി ലഭ്യമാക്കാൻ കഴിയാത്ത വിഷമത്തിലാണ് കട ഉടമകൾ.

8000 രൂപമുതലുള്ള ബഡ്ജറ്റ് ടിവികൾക്കാണ് ആവശ്യക്കാരേറെ. സന്നദ്ധ സംഘടനകൾ അടക്കം ബേസ് മോഡൽ ടി.വികളാണ് വാങ്ങുന്നത്. അൽപ്പം സാമ്പത്തികമുള്ളവരാവട്ടെ ഓൺലൈൻ ക്ളാസുകൾ തത്സമയം കണക്ട് ചെയ്യാവുന്ന സ്മാർട്ട് ടി.വികൾ തേടി വരുന്നുണ്ട്. 8000 രൂപ വിലവരുന്ന 24 ഇഞ്ച് ടെലിവിഷനുകൾക്കായി ഷോറൂമുകളിൽ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന നിരവധിപ്പേരുണ്ട്. സന്നദ്ധ സംഘടനകൾ,​ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ,​ സർവീസ് സംഘടനകൾ എന്നിവരെല്ലാം ടി.വി ചലഞ്ച് ഏറ്റെടുത്തതും വിപണിക്ക് ഇന്ധനമായി. സാധാരണക്കാർ മുഴുവൻ തുകയുടെ മൂന്നിലൊന്ന് മാത്രം ആദ്യവും ബാക്കി തവണകളായും അടയ്ക്കാവുന്ന ഇ.എം.ഐ സംവിധാനം പ്രയോജനപ്പെടുത്തുകയാണ്.

ഓൺലൈനിൽ നിന്ന് ടി.വിയും ഫോണും ലാപ് ടോപ്പും വാങ്ങുന്നവരുടേയും എണ്ണം കൂടി. ഫ്ളിപ് കാർട്ട്, ആമസോൺ എന്നിവിടങ്ങളിൽ വിൽപ്പന തകർക്കുന്നുണ്ട്.


ടിവി വില

ബേസ് മോഡൽ 8000 രൂപ മുതൽ

സ്മാർട് ടി.വി 12000 മുതൽ

ബ്രാൻഡഡ് മോഡൽ 16500 മുതൽ

നല്ലകാലം ഇങ്ങനെ

 ടി.വി ചലഞ്ചുകളിലൂടെ പുത്തൻ ടി.വിക്ക് ആവശ്യക്കാർ

 സന്നദ്ധ സംഘടനകൾ ടി.വികൾ സ്പോൺസർ ചെയ്തു

 വീട്ടിൽ ടി.വിയില്ലാതിരുന്നവരും കുട്ടികൾക്കായി വാങ്ങി

 സീസണല്ലാത്ത കാലയളവിൽ പ്രതീക്ഷിക്കാത്ത കച്ചവടം

ഗൃഹോപകരണ വിപണിയിൽ ടി.വികൾക്കും സ്മാർട്ട് ഫോണിനും മാത്രമേ ഡിമാൻഡുള്ളൂ. ഷോറൂമുകളിൽ സ്റ്റോക്ക് തീരെ കുറവാണ്. സ്മാർട്ട് ടി.വിയേക്കാൾ ഡിമാൻഡ് കൂടുതൽ സാധാരണ ടി.വികൾക്കാണ്. പക്ഷേ,​ ഓൺലൈൻ ക്ളാസുകൾക്ക് സ്മാർട്ട് ടി.വി വേണം.

- ഗിരീഷ് കോനാട്ട്, കോനാട്ട് ഏജൻസീസ്