pj-joseph-jose-k-mani

കോട്ടയം: ജോസ് വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ ഇന്നലെ വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെ അതിനു തയ്യാറല്ലെന്ന് ജോസ് കെ മാണിയും യു.ഡി.എഫിന്റെ നടപടി കാത്തിരിക്കുകയാണെന്ന് പി.ജെ.ജോസഫും ആവർത്തിച്ചതോടെ 'ചക്കളത്തി പോരാട്ടം' തുടരുമെന്ന് ഉറപ്പായി.അതേസമയം, കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്തിൽ ജോസഫിന്റെ സ്ഥാനാർത്ഥിയെ വിജയിപ്പിച്ചതിന്റെ ക്രെഡിറ്റുമായി നിൽക്കുകയാണ് ജോസ്.

'യു. ഡി. എഫ് തീരുമാനം നടപ്പാക്കപ്പെടും. ധാരണ അനുസരിച്ച്‌ കാര്യങ്ങൾ മുന്നോട്ട് പോകും. കേരള കോൺഗ്രസിലെ (എം) ഇരു വിഭാഗവുമായും ചർച്ച ചെയ്‌തെടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമോ തർക്കമോ ഉന്നയിക്കേണ്ട കാര്യമില്ല. ഇതായിരുന്നു കൺവീനർ ബെന്നി ബെഹനാൻ എം.പി കൊച്ചിയിൽ പറഞ്ഞത്.

ഇതിനുള്ള പ്രതികരണമായി കോട്ടയത്ത് ജോസ് കെ മാണി പറഞ്ഞത് ഇങ്ങനെ: "നിലപാട് യു.ഡി.എഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിൽ മാറ്റമില്ല".

കോട്ടയത്തുണ്ടായിരുന്ന പി.ജെ.ജോസഫാകട്ടെ 'പന്ത് യു.ഡി.എഫ് കോർട്ടിലാണ് .യു.ഡി.എഫ് തീരുമാനം ലംഘിക്കുന്നവർക്കെതിരെ എന്തു നടപടി സ്വീകരിക്കാനുമുള്ള ആർജ്ജവം നേതാക്കൾക്കുണ്ടെന്നാണ് വ്യക്തമാക്കിയത്. '

രാജി വിവാദം കത്തി പടരുമ്പോൾ "പാർട്ടി നേതൃത്വം പറഞ്ഞാൽ മാത്രം രാജിയെന്നാണ്' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രതികരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജോസഫിനെയും ജോസിനെയും എങ്ങനെയും യു.ഡി.എഫിൽ പിടിച്ചു നിറുത്താനുള്ള തത്രപ്പാടിലാണ് യു.ഡി.എഫ് നേതാക്കൾ.

കാഞ്ഞിരപ്പള്ളിയിൽ ജോസഫിന്

ജോസിന്റെ പിന്തുണ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിൽ ജോസും ജോസഫും തമ്മിലടി തുടരുകയാണെങ്കിലും ഇന്നലെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിലെ രണ്ട് അംഗങ്ങൾ വോട്ട് ചെയ്തതിന്റെ ബലത്തിലാണ് ജോസഫ് പക്ഷ സ്ഥാനാർത്ഥി വിജയിച്ചത്. ഇത് ഉയർത്തിക്കാട്ടി ജോസ് നിൽക്കുമ്പോൾ എങ്ങനെ പരിഹാരം കാണണമെന്ന് തല പുകയ്ക്കുകയാണ് യു.ഡി.എഫ് നേതൃത്വം.