church

കോട്ടയം: അയർക്കുന്നം പുന്നത്തുറ വെള്ളാപ്പള്ളി പള്ളിയിലെ വൈദികൻ ഫാ.ജോർജ് എട്ടുപറയിലിനെ കാണാതായ 24 മണിക്കൂർ ദൂരൂഹതയുടെ ഇരുട്ട് നിറഞ്ഞതാണ്. ഞായറാഴ്‌ച രാവിലെ 10.45 ന് കാണാതായ വൈദികന്റെ മൃതദേഹം ഇന്നലെ രാവിലെ പത്തരയോടെയാണ് പള്ളിമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. 24 മണിക്കൂർ പള്ളിയും പരിസരവും അരിച്ചു പെറുക്കിയിട്ടും വൈദികൻ കിണറ്റിലുണ്ടെന്നു തിരിച്ചറിയാതിരുന്നത് ദുരൂഹമാണ്. മാത്രമല്ല, മരണത്തിനു കൃത്യമായ കാരണം പറയാനാവാത്തതും ദുരൂഹത വർദ്ധിപ്പിക്കുന്നു

ആ 24 മണിക്കൂർ

ഞായറാഴ്ച രാവിലെ 10.45 ന് വൈദികൻ സി.സി.ടി.വി കാമറ ഓഫ് ചെയ്യുന്നു.

വൈകിട്ട് 6 ന് വൈദികനെ കാണാനില്ലെന്നു ഇടവകാംഗങ്ങൾ കണ്ടെത്തുന്നു.

10 രാത്രി വരെ തെരച്ചിൽ നടത്തിയിട്ടും കാണാഞ്ഞ് പൊലീസിൽ പരാതി നൽകുന്നു.

തിങ്കളാഴ്ച രാവിലെ 6 ന് അയർക്കുന്നം പൊലീസ് പള്ളിയിൽ പരിശോധന നടത്തുന്നു.

രാവിലെ 9.30 ന് സംശയം തോന്നിയ പൊലീസ് കിണറ്റിൽ പരിശോധന നടത്തുന്നു

10.30 ന് വൈദികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തുന്നു.

ദുരൂഹത

 മരണകാരണം എന്തെന്നു വ്യക്തതയില്ല.

 മൊബൈൽ ഫോൺ സൈലൻ്റ് മോഡിൽ

 സി.സി.ടി.വി കാമറ ഓഫ് ചെയ്‌ത നിലയിൽ

തീപിടിത്തത്തിന്റെ കഥ

ജൂൺ അഞ്ചിനാണ് പള്ളിയുടെ റബർ പുരയുടെ ഷീറ്റ് മാറ്റാനുള്ള വെൽഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി ചിതറി റബർ പുരയ്‌ക്കു തീപിടിച്ചത്. സംഭവത്തിൽ നാലുപേർക്ക് പൊള്ളലേറ്റിരുന്നു. ഇതിൽ 70 ശതമാനത്തിലധികം പൊള്ളലേറ്റ കനകരാജിന് സഹായം നൽകണമെന്ന് ഫാ.ജോർജ് ആവശ്യപ്പെട്ടപ്പോൾ സ്വന്തം നിലയിൽ പണം കണ്ടെത്താനായിരുന്നു സഭയുടെ നിർദേശം. ഇതടക്കമുള്ള പ്രശ്നങ്ങളിൽ മാനസിക സമ്മർദ്ദത്തിലായ ഇദ്ദേഹം സ്ഥലംമാറ്റം ചോദിച്ചെങ്കിലും സഭ അനുവദിച്ചില്ല.

അമേരിക്കയിൽ അഞ്ചുവർഷം

1996 ജനുവരി നാലിനു പൗരോഹിത്യം സ്വീകരിച്ച ഫാ. ജോർജ് ചങ്ങനാശേരി വലിയപള്ളി, എടത്വാ കോയിൽ മുക്ക്, പുനലൂർ മാക്കന്നൂർ, പാമ്പാടി, തകഴി, ഏറ്റുമാനൂർ വെട്ടിമുകൾ, കുട്ടനാട് കായൽ പുറം, അരുവിക്കുഴി എന്നിവിടങ്ങളിൽ വികാരിയായിരുന്നു. അമേരിക്കയിലെ അഞ്ചു വർഷത്തെ സേവനത്തിനു ശേഷമാണ് ഫെബ്രുവരിയിലാണ് ഇവിടെ എത്തിയത്.

മേരിക്കുട്ടിയാണ് മാതാവ്. ചാക്കോച്ചൻ, ടോമിച്ചൻ, ജോസ് കുഞ്ഞ്, ലൈസാമ്മ, ലിസാമ്മ, ആൻസമ്മ, സിസ്റ്റർ എൽസാ മേരി എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മങ്കൊമ്പ്, തെക്കേക്കര സെന്റ് ജോൺസ് പള്ളിയിൽ നടക്കും.