കോട്ടയം: പള്ളിമേടയിൽ നിന്ന് ഞായറാഴ്ച കാണാതായ അയർക്കുന്നം പുന്നത്തുറ സെന്റ് തോമസ് വെള്ളാപ്പള്ളി പള്ളി വികാരിയെ ഇന്നലെ മുറ്റത്തെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്കൊമ്പ് എട്ടുപറയിൽ പരേതനായ ബേബിച്ചന്റെ മകൻ ഫാ.ജോർജ് എട്ടുപറയിലാണ് (സോണിയച്ചൻ-55) മരിച്ചത്. കൈകൾ കല്ല് ചേർത്തുവച്ച് പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഇതോടെ മരണത്തിൽ ദുരൂഹതയേറി.
അമേരിക്കയിലായിരുന്ന വൈദികൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് പുന്നത്തുറപ്പള്ളിയുടെ ചുമതലയേറ്റെടുത്തത്.
ഞായറാഴ്ച രാവിലെ 10.45വരെ പ്രവർത്തിച്ച സി.സി.ടി.വിയിൽ വൈദികന്റെ ദൃശ്യമുണ്ട്. വൈകിട്ട് ആറോടെ പള്ളിമേട പരിശോധിച്ചപ്പോൾ ഫോൺ സൈലന്റ് മോഡിൽ മേശപ്പുറത്ത് കണ്ടെത്തി. നിരവധി കോളുകളും ഫോണിലേയ്ക്ക് വന്നിരുന്നു. പലിടത്തും തിരക്കിയെങ്കിലും യാതൊരു സൂചനയും ലഭിക്കാത്തതിനാൽ രാത്രി 10 മണിയോടെ പൊലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെ പള്ളിയിൽ എത്തിയ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജീവ് ചെറിയാനാണ് കിണറിന്റെ പരിസരം ശ്രദ്ധിച്ചത്. മൂടി മാറിക്കിടന്നതും മൺകെട്ട് ഇടിഞ്ഞതും ചെടി ഇളകി കിണറ്റിൽ വീണതുമാണ് സംശയം സൃഷ്ടിച്ചത്. അഗ്‌നിരക്ഷാ സേന കിണറ്റിലിറങ്ങി പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. വീണപ്പോൾ തിട്ടയിൽ ഉരഞ്ഞുണ്ടായ മുറിവുകൾ മാത്രമാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ദുരൂഹത
1) കൈകൾ കൂട്ടിക്കെട്ടിയിരുന്നു. അതിൽ രണ്ട് കിലോയോളം വലിപ്പമുള്ള കല്ലുണ്ടായിരുന്നു. കൈകളും കല്ലും ഒറ്റയ്ക്ക് എങ്ങനെ കൂട്ടിക്കെട്ടാനാവും
2) റോഡരികിലാണ് പള്ളിയും കിണറും. ചാടിയ ശബ്ദംആരും കേട്ടില്ല. അവിടെ നിൽക്കുന്നത് ആരും കണ്ടിട്ടില്ല
3) പള്ളിയിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും ഓഫ് ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ 10.45വരെയുള്ള ദൃശ്യങ്ങളേയുള്ളൂ.
4) ദുരൂഹതയില്ലെന്ന് സ്ഥാപിക്കാൻ പൊലീസിന്റെ വ്യഗ്രത. ഫോൺ കോളുകളെപ്പറ്റി അന്വേഷണമില്ല