കോട്ടയം: സഭതന്നെ അമേരിക്കയിൽ അയച്ച് ഉന്നത വിദ്യാഭ്യാസം നൽകിയ ഫാ.ജോർജ് വലിയ പ്രതീക്ഷയോടെയാണ് അയർക്കുന്നത്ത് വികാരിയായി ചുമതലയേറ്റതെങ്കിലും പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ. വിശ്വാസികളുടെ പരസ്പരമുള്ള കലഹത്തിലും സാമ്പത്തിക പ്രശ്നങ്ങളിലും പൊറുതിമുട്ടി സ്ഥലംമാറ്റം പലവട്ടം ആവശ്യപ്പെട്ടെങ്കിലും സഭാധികൃതർ അനുവദിച്ചില്ല.
രണ്ടുവർഷം മുമ്പ് പള്ളിയിൽ നിലവിലുള്ള കുരിശ് മാറ്റി മാർത്തോമാ കുരിശ് സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരും, പിന്നിൽ നിൽക്കുന്നവരുമായി വിശ്വാസികൾ രണ്ടു ചേരിയായി. ഈ പ്രശ്‌നം കാരണമാണ് നേരത്തെ ചുമതല വഹിച്ചിരുന്ന വൈദികരെല്ലാം സ്ഥലംമാറി പോയത്. ഫാർ. ജോർജ് ചുമതലയേറ്റപ്പോഴും ഇതേപ്രശ്നം വല്ലാതെ അലട്ടിയിരുന്നു. സ്ഥലം മാറ്റം നൽകണമെന്ന് പലവട്ടം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പള്ളിയിൽ 17 ദിവസം മുൻപുണ്ടായ തീപിടിത്തത്തിൽ റബർപുര നശിക്കുകയും നാലു പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നെന്ന് വിശ്വാസികൾ പറയുന്നു. ഇതിൽ വൈദികൻ അസ്വസ്ഥനായിരുന്നു.മൂത്രനാളിയിലെ അസുഖത്തിന് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു
ദുരൂഹതയില്ലെന്ന് പൊലീസ്
സംഭവത്തിൽ ദുരൂഹതയില്ല.. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം.
ആർ.ശ്രീകുമാർ,
ഡിവൈ.എസ്.പി, കോട്ടയം
നിയമ നടപടിയുമായി
സഹകരിക്കും അതിരൂപത
വൈദികന്റെ മരണത്തിൽ നിയമ നടപടികളുമായി സഹകരിക്കും. പള്ളിക്കോമ്പൗണ്ടിലുണ്ടായ തീപിടിത്തത്തിൽ ചിലർക്ക് പരിക്ക് പറ്റിയത് രക്തസമ്മർദ്ദ രോഗിയായ അദ്ദേഹത്തിന് മനോവിഷമമുണ്ടാക്കിയെന്നും ചങ്ങനാശേരി അതിരൂപതാ ജാഗ്രതാസമിതി കോ ഓർഡിനേറ്റർ ഫാ.ആന്റണി തലച്ചെല്ലൂരും പി.ആർ.ഒ അഡ്വ.ജോജിചിറയിലും പറഞ്ഞു.