ajikumar

ചങ്ങനാശേരി: കൃഷിയെന്നാൽ അജികുമാറിന് ജീവനാഡിയാണ്. കൃഷിയുടെ നല്ല പാഠങ്ങൾ പുത്തൻ തലമുറയ്ക്കായി പകർന്നുനൽകുകയാണ് കുറിച്ചി സ്വദേശിയായ അജികുമാർ. ലോകപരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി ഏകദിന ഉപവാസം നടത്തിയും ശ്രദ്ധേയനായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി സ്‌കൂളുകളിലും കോളേജുകളിലും അങ്കണവാടികളിലും അജി കുമാർ പരിസ്ഥിതിയെക്കുറിച്ച് ക്ലാസുകൾ നയിക്കുന്നുണ്ട്. പ്രതിഫലം വാങ്ങാതെയാണ് അജികുമാറിന്റെ പ്രവർത്തനം. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 45 സ്‌കൂളുകളിലും 65 കോളേജുകളിലും അജികുമാർ പരിസ്ഥിതി ബോധവത്ക്കരണവുമായെത്തി. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് അജികുമാറിന്റെ ലക്ഷ്യം.പച്ചക്കറി തൈകൾ, ഫലവൃക്ഷങ്ങളുടെ തൈകൾ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. സ്‌കൂളുകളിൽ ഔഷധ സസ്യ പൂന്തോട്ടം നിർമ്മിക്കുകയും കാലാവസ്ഥ വ്യതിയാനം അറിയുന്നതിനുള്ള ചെടികൾ നടുകയും ചെയ്യുന്നു.എല്ലാ വർഷവും ഓണത്തിന് പക്ഷികൾക്കായി 20 ഇന ധാന്യങ്ങൾ വീതവും ഒരുക്കുന്നുണ്ട്. ചെറുവേലിപ്പടി കല്ലൂപ്പറമ്പിൽ കുടുംബാംഗമാണ്. ബിജുകുമാർ അജികുമാറിന്റെ ഇരട്ടസഹോദരനാണ്.