കോട്ടയം: അനധികൃത മീൻപിടിത്തത്തിനായി തോടുകളിൽ സ്ഥാപിച്ചിരുന്ന കൂടുകൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്. തിരുവാർപ്പ് വില്ലേജിലെ തോടുകളിൽ സ്ഥാപിച്ചിരുന്ന കൂടുകളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. വെട്ടിക്കാട്ട് പുത്തൻതോട്ടിൽ നിന്നും വടക്കേനടുവിലെ പാടശേഖരത്തേയ്ക്ക് വെള്ളം കയറുന്ന തൂമ്പിന് കുറുകെ നീരൊഴുക്ക് തടസപ്പെടുത്തിയാണ് കൂടുകൾ സ്ഥാപിച്ചിരുന്നത്. നാട്ടുകാരുടെയും കർഷകരുടെയും സഹായത്തോടെയാണ് ഫിഷറീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയത്. ഫിഷറീസ് അസി.ഡയറക്‌ടർ ജോയിസ് എബ്രഹാം, ഉദ്യോഗസ്ഥരായ ഗിരീഷ്, സജി, ലിജോ, കൈലാസ്, ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നീരൊഴുക്ക് തടസപ്പെടുത്തി തോടുകളിൽ കൂടുകൾ സ്ഥാപിക്കുന്നത് മത്സ്യസമ്പത്തിന് തന്നെ ഭീഷണിയാണ്. ചെറുമീനുകൾ ഉൾപ്പെടെ നശിക്കാൻ കാരണമാകും. ഇത് കൂടാതെ പാടശേഖരങ്ങളിലേയ്ക്കുള്ള നീരൊഴുക്കും തടസപ്പെടും.
നിയന്ത്രണങ്ങൾ
ജലാശയങ്ങളിൽ വലിയ കൂടുകൾ സ്ഥാപിച്ച് മീൻ പിടിക്കുന്നതിന് നിലവിൽ നിയന്ത്രണങ്ങളുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും നിയന്ത്രങ്ങൾ മറികടന്നാണ് മീൻപിടുത്തം. നാട്ടുകാരും കർഷകരും പ്രതിഷേധം ഉയർത്തിയതോടെയാണ് ഇന്നലെ ഫിഷറീസ് വകുപ്പ് തിരുവാർപ്പിൽ പരിശോധന നടത്തിയത്.