കോട്ടയം: അയർക്കുന്നം പുന്നത്തുറ സെൻ്റ് തോമസ് പള്ളിയിലെ വൈദികൻ ഫാ.ജോർജ് എട്ടുപറയിലിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു. വൈദികന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തുമ്പോഴും സംശയങ്ങൾ ബാക്കിയാണ്.

മരണത്തിൽ ഉയരുന്ന സംശയം:

മൃതദേഹത്തിന്റെ കൈയിലുണ്ടായിരുന്ന കെട്ട് അസ്വാഭാവികമാണ്. ഒരാൾക്കു തനിയെ കൈകൾ കൂട്ടിക്കെട്ടാനും ഈ കെട്ടിൽ കല്ലു കെട്ടി കിണറ്റിൽ ചാടാനും സാധിക്കുമോ എന്ന സംശയം നിലനിൽക്കുന്നു.

പൊലീസിന്റെ വിശദീകരണം:

കൈയിലെ കെട്ടിന് ബലമില്ലായിരുന്നു. മരണ വെപ്രാളത്തിൽ ഒരു കൈയിലേത് ഇദ്ദേഹം തന്നെ അഴിച്ചു കളഞ്ഞതായും പൊലീസ് വിശദീകരിക്കുന്നു. മറ്റൊരാൾ കെട്ടിയതാണെങ്കിൽ കെട്ടിന് ഇതിലും ബലമുണ്ടാകുമായിരുന്നു.

മരണത്തിൽ ഉയരുന്ന സംശയം:

വൈദികനെ കാണാതായ ഞായറാഴ്‌ച രാവിലെ മുതൽ പള്ളിയിലെ സി.സി.ടി.വി കാമറകൾ ഓഫായിരുന്നു. ആത്മഹത്യ ചെയ്യാൻ പോകുന്ന ആൾ സി.സി.ടി.വി കാമറകൾ ഓഫ് ചെയ്യുമോ എന്നത് മറ്റൊരു സംശയം.

പൊലീസിന്റെ വിശദീകരണം:

പള്ളിയിലെ സി.സി.ടി.വി ഓഫ് ചെയ്യുന്നത് മരിച്ച വൈദികൻ ജോർജ് തന്നെയാണെന്ന് ആ കാമറയിൽ നിന്നു തന്നെ വ്യക്തമായിട്ടുണ്ടെന്ന് പൊലീസും സഭയും വിശദീകരിക്കുന്നു.

മരണത്തിൽ ഉയരുന്ന സംശയം:

പള്ളിമുറ്റത്തെ കിണറിനു മേൽമൂടിയുണ്ടായിരുന്നു. ഇതിന്റെ ചെറിയ വിടവിലൂടെ വൈദികൻ കിണറ്റിൽ ചാടിയെന്നാണ് പൊലീസ് കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ ഒരാൾ ഈ വിടവിലൂടെ എങ്ങിനെ കിണറ്റിലേയ്‌ക്കു ചാടുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സംശയം.

പൊലീസിന്റെ വിശദീകരണം:

ആത്മഹത്യ ചെയ്യാൻ ഉറച്ച ഒരാൾക്ക് ഏതു ചെറിയ വിടവിലൂടെയും കിണറ്റിൽ ചാടാൻ ബുദ്ധിമുട്ടില്ലെന്ന് പൊലീസ് പറയുന്നു

ഫോൺ അക്കഥ പറഞ്ഞേക്കും

ഫാ. എട്ടുപറയിലിനെ കാണാതായ ദിവസം രാവിലെ ഇദ്ദേഹത്തിന്റെ ഫോണിലേയ്‌ക്കു വന്ന കോളുകൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം വൈദികന്റെ മൃതദേഹം ഇന്നലെ രാവിലെ പത്തു മണിയോടെമങ്കൊമ്പ് തെക്കേക്കര സെൻ്റ് ജോൺസ് പള്ളിയിൽ സംസ്‌കരിച്ചു.