കോട്ടയം: ഫാ.ജോർജ് എട്ടുപറയിലിന്റേത് ആത്മഹത്യയെന്നുറപ്പിച്ച് പൊലീസ്. ശ്വാസകോശത്തിൽ വെള്ളം കണ്ടെത്തിയതും ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകളില്ലാത്തതുമാണ് ഇതിന് പൊലീസ് മുന്നോട്ടു വയ്ക്കുന്ന ന്യായങ്ങൾ. എന്നാൽ നാട്ടുകാർക്കു പ്രിയങ്കരനും സർവസമ്മതനുമായ വൈദികൻ ആത്മഹത്യ ചെയ്‌തുവെന്ന പൊലീസിന്റെ വാദം പൂർണമായും അംഗീകരിക്കാൻ നാട്ടുകാർ ഇനിയും തയ്യാറായിട്ടില്ല.

1 തീപിടിത്തവും ചികിൽസാ ചെലവും

പള്ളിയിലെ റബർപുരയിലുണ്ടായ നാലു പേർക്കു പൊള്ളലേറ്റിരുന്നു. ഇവരുടെ ചികിത്സയയ്‌ക്കും മറ്റുമായി വലിയ തുക ചെലവായി. ഈ തുക ആവശ്യപ്പെട്ടെങ്കിലും സഭ നൽകിയില്ല. സ്വകാര്യ ആശുപത്രിയിൽ തൊഴിലാളികളെ ചികിത്സിച്ചതിനെ ഒരു വിഭാഗം എതിർക്കുകയും ചെയ്തു. ഇത് വൈദികനെ അസ്വസ്ഥനാക്കി.

2 കേസ് എതിരാവുമെന്ന് ഭയന്നു

തീപിടിത്തത്തിൽ പൊലീസ് കേസുണ്ടാകുമെന്ന് വൈദികൻ ഭയന്നു. ഇതേപ്പറ്റി സഭയിലും ഇടവകയിലും സംസാരിച്ചപ്പോൾ ആരും പിന്തുണച്ചില്ല. റബർപുരയിൽ തിന്നറും പെയിൻ്റും മുൻപ് വെടിക്കെട്ടിന് ഉപയോഗിച്ചതിന്റെ ബാക്കി സ്‌ഫോടക വസ്‌തുക്കളും ഉണ്ടായിരുന്നതായാണ് വിവരം.

3 കാൻസറും സഭയുടെ എതിർപ്പും

വൈദികൻ മൂത്രാശയ കാൻസർ ബാധിതനായിരുന്നു . നേരത്തെ അമേരിക്കയിൽ ഇതിനു ചികിത്സ തേടിയിരുന്നു. തുടർ ചികിത്സയ്‌ക്കായി അവധി അനുവദിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സഭ തയ്യാറായില്ല.

4 ഇടവകയിലെ രൂക്ഷമായ ചേരിതിരിവ്

പള്ളിയിൽ മാർത്തോമാ കുരിശ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഇടവകയിൽ ചേരിതിരിവ് രൂക്ഷമായിരുന്നു. ഇതിലും വൈദികൻ അസ്വസ്ഥനായിരുന്നു. ഇരു വിഭാഗത്തെയും ഒന്നിച്ചു കൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചില്ല.