അടിമാലി:മറ്റൊരു മഴക്കാലം കൂടി കനക്കുമ്പോൾ കുറത്തിക്കുടി നിവാസികൾ ആശങ്കയിലാണ്.അടിസ്ഥാന സൗകര്യങ്ങളായി വേണ്ടുന്ന റോഡും ആശുപത്രി സൗകര്യവുമില്ലാത്തത് ആദിവാസി കുടുംബങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഒന്നാംവാർഡെങ്കിലും മാങ്കുളവുമായാണ് കുറത്തികുടിക്കാർ കൂടുതൽ ബന്ധപ്പെടാറ്.കുടിയിൽ നിന്ന് ഇവിടേക്കുള്ള പാത ഇത്തവണയും ഗതാഗതയോഗ്യമായില്ല.മഴകനക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം അത്യന്തം ദുഷ്‌ക്കരമാകും.കുറത്തികുടിയിൽ നിന്നും മാമലക്കണ്ടത്തേക്കെത്താനുള്ള പാതയുടെ അവസ്ഥയും വ്യത്യസ്തമല്ല.കഴിഞ്ഞ രണ്ട് മഴക്കാലത്തും ഏറെക്കുറെ ഒറ്റപ്പെട്ടനിലയിലായിരുന്നു കുറത്തികുടിയുടെ അവസ്ഥ.
കാട്ടാനശല്യമാണ് കോളനിനിവാസികൾ നേരിടുന്ന മറ്റൊരു വെല്ലുവിളി.പുറംലോകത്തേക്കെത്താനുള്ള കാനനപാതയിൽ മിക്കയിടത്തും കാട്ടാനകളുടെ സാന്നിദ്ധ്യമുണ്ട്.കാട്ടാനപ്പേടിയിൽ ജീവൻപണയപ്പെടുത്തി വേണം കുട്ടികളും പ്രായമായവരും സ്ത്രീകളുമെല്ലാം യാത്ര നടത്താൻ.മൊബൈൽനെറ്റ് വർക്ക് സംവിധാനങ്ങളുടെ അപര്യാപ്തതയും കോളനിയിലെ കുടുംബങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. പരസ്പരം കാര്യങ്ങൾ വിളിച്ചറിയിക്കാൻ മാർഗ്ഗങ്ങൾ ഒന്നുമില്ല.ഈ മഴക്കാലത്തും ഇത്തരം പ്രശ്‌നങ്ങളെയെല്ലാം കുറത്തിക്കുടി നിവാസികൾ അതിജീവിക്കണം
ആരോഗ്യകേന്ദ്രം എന്ന് വരും
ആരോഗ്യരംഗത്ത് കോളനിനിവാസികൾ നേരിടുന്ന അവഗണന ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.വിദൂര ആദിവാസി മേഖലയായിട്ടും പേരിന് പോലുമൊരു പ്രാഥമികാരോഗ്യ കേന്ദ്രം കോളനിയിൽ ഇല്ല.ചെറിയ അസുഖങ്ങൾക്ക് പോലും മരുന്ന് വാങ്ങണമെങ്കിൽ മാങ്കുളത്തോ അടിമാലിയിലോ എത്തണം.മഴക്കാലത്ത് ഗർഭിണികളടക്കം ഏറെ കഷ്ടത അനുഭവിച്ചാണ് ചികത്സക്കായി പുറം ലോകത്തെത്തുന്നത്.