കോട്ടയം: 'റബറിന് വിലയില്ല. കപ്പയും വാഴയുമെല്ലാം കാട്ടുമൃഗങ്ങൾ കൊണ്ടുപോകും' .കോട്ടയത്തെ കർഷകരുടെ ദുരിതം കണ്ടപ്പോൾ കണമല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്ക് തോന്നിയ ആശയമാണ് . 'കാന്താരി വിപ്ലവം'.
തൊടിയിലും പറമ്പിലും വിളഞ്ഞു നിൽക്കുന്ന കാന്താരി മുളക് എടുത്തോളാമെന്ന് പറഞ്ഞ് കർഷകർക്ക് ആത്മവിശ്വാസം നൽകി. ഇപ്പോൾ കണമലയിലെ തോട്ടങ്ങളിൽ നിറയെ കാന്താരിമുളകാണ്. 200 ഓളം കർഷകരാണ് കാന്താരി കൃഷിയിൽ.
. 'കാന്താരി വിപ്ലവം' ആരംഭിച്ചത് കഴിഞ്ഞ മാസം. പച്ചക്കാന്താരിക്ക് കിലോയ്ക്ക് 250 രൂപ. പഴുത്തതിന് 150 രൂപ. ഒരു കിലോ റബറിന് 120 രൂപ പോലും കിട്ടാത്ത മലയോര വാസികളുടെ ആശ്വാസം ചെറുതല്ല. അരയേക്കറിൽ 1000 ചെടികൾ വരെ . രണ്ടാഴ്ച കൂടുമ്പോൾ കുറഞ്ഞത് 15000 രൂപയുടെ കാന്താരി ഉറപ്പ്. സംഗതി മുളകായതിനാൽ കാട്ടുമൃഗങ്ങൾ പരിസരത്തേക്ക് എത്തിനോക്കില്ല.. രണ്ടാഴ്ച മുൻപ് ബാങ്കിലെത്തിച്ചത് 103 കിലോ .ഇന്നലെ 150 കിലോ.
കർഷക കുടുംബങ്ങളിലെ ഗൃഹനാഥൻമാർ മാത്രമല്ല പിള്ളേരും വീട്ടമ്മമാരുമൊക്കെ ആവേശത്തിൽ. ദിവസം പത്ത് മിനിട്ട് മെനക്കെട്ടാൽ വട്ടച്ചെലവിനുള്ള പണം . കുട്ടിക്കൂട്ടങ്ങളെ ആകർഷിക്കുന്നത് ഇതാണ്.
ബാങ്ക് ശേഖരിക്കുന്ന കാന്താരി തൃശൂരിലെ ചന്തയിലാണ് വിൽക്കുന്നത്. എത്ര വില കുറഞ്ഞാലും 250 രൂപ കർഷകന് .വില കൂടിയാൽ അതേ പടിയും.
'കണമലയിൽ കാന്താരിക്ക് എരിവല്ല, സന്തോഷത്തിന്റെ മധുരമാണ്. കാന്താരിയുടെ മാർക്കറ്റ് തിരിച്ചറിഞ്ഞാണ് ' കർഷകർക്കൊപ്പം ബാങ്ക് നിൽക്കുന്നത്. റബറിന് ഇടവിളയായിരുന്നു ആദ്യം കാന്താരി. ഇപ്പോൾ റബർ മരങ്ങൾ വെട്ടിമാറ്റി കാന്താരിച്ചെടികൾ നടാനുള്ള തീരുമാനത്തിലാണ് ഫാർമേഴ്സ് ക്ലബുകൾ '
- അഡ്വ. ബിനോയ് ജോസ്,
ബാങ്ക് പ്രസിഡന്റ്
ഫോൺ : 9447366534
നേട്ടമിങ്ങനെ
1. വളപ്രയോഗവും അധിക പരിചരണവും വേണ്ട
2.കാട്ടുമൃഗങ്ങളെ പേടിക്കണ്ട
3.എവിടെയും കൃഷി ചെയ്യാം