പാലാ: ഇവരാണ് ആ സൂപ്പർ ബോയ്‌സ്. എലിക്കുളം പാമ്പോലി കല്ലമ്പള്ളിൽ ആനന്ദ് സുബാഷ്, മണ്ഡപത്തിൽ നിഖിൽ മാത്യു, കിണറ്റുകര ഡിയോൺ നോബി, സഹോദരൻ റെയോൺ നോബി . മല്ലികശ്ശേരി പൊന്നൊഴുകും തോടിനു സമീപം കൈത്തോട്ടിൽ കാൽ വഴുതി വീണ് മുന്നൂറ് മീറ്ററോളം ഒഴുക്കിൽപ്പെട്ട കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകൾ തെരേസയെ രക്ഷിച്ചവർ. പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആനന്ദ്. നിഖിൽ വിളക്കുമാടം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി. ഡിയോണും റെയോണും ആനക്കല്ല് സെന്റ് ആന്റണീസിൽ യഥാക്രമം ആറും നാലും ക്ലാസിൽ പഠിക്കുന്നു.
കുട്ടികൾ പറയുന്നത് :
സ്‌കൂൾ തുറക്കാത്തതിനാൽ കുളിക്കാൻ ഇറങ്ങിയതാണ് തങ്ങൾ. വീട്ടുകാർ ആദ്യം സമ്മതിച്ചില്ലെങ്കിലും കരഞ്ഞു സമ്മതം വാങ്ങുകയായിരുന്നു. എന്നും കുളിക്കുന്ന കടവിൽ എത്തിയപ്പോൾ വെള്ളം കൂടുതലാണെന്ന് കണ്ട് വെള്ളം കുറഞ്ഞ സ്ഥലത്ത് ഇറങ്ങി. തൊട്ടടുത്ത് കുളിക്കുകയായിരുന്ന കാരിമറ്റത്തിൽ സീനയും കൂട്ടുങ്കൽ പ്രിൻസിയുമാണ് കുട്ടി ഒഴുകി വരുന്നതു കണ്ടത്. ഇതോടെ അവർ അലമുറയിട്ടു. ഇതു കേട്ട് ഞങ്ങൾ നോക്കുമ്പോൾ ഒരു കൈ വെള്ളത്തിൽ പൊങ്ങിയ നിലയിൽ കണ്ടു. ആദ്യം പിടിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കു കാരണം നടന്നില്ല. രണ്ടാം വട്ടം ശ്രമിച്ചപ്പോൾ കുട്ടിയെ കിട്ടി. തുടർന്ന് കുട്ടിയെ തൊട്ടടുത്ത കോക്കാട്ട് തോമാച്ചന്റെ വീട്ടിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തോമാച്ചനും ബന്ധുവായ എബിനും ചേർന്ന് കുട്ടിയെ പൈകയിലെ പുതിയിടം ആശുപത്രിയിലേയ്ക്കു കൊണ്ടു പോവുകയായിരുന്നു.
രക്ഷപെടൽ അത്ഭുതകരമെന്ന് ഡോക്ടർ
മാണി സി. കാപ്പൻ എം.എൽ.എ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. മുന്നൂറ് മീറ്ററോളം ദൂരമാണ് വെള്ളത്തിലൂടെ കുട്ടി ഒഴുകിയത്. തക്കസമയത്ത് രക്ഷിക്കാനായില്ലായിരുന്നെങ്കിൽ പൊന്നൊഴുകും തോട്ടിൽ പതിച്ചേനെ. കുട്ടിയുടെ വയറ്റിൽ വെള്ളവും ചെളിയും കയറിയിരുന്നു. കണ്ടപ്പോൾ തന്നെ എടുക്കുകയും പ്രഥമശുശ്രൂഷ നൽകുകയും ചെയ്തതു കൊണ്ടാണ് തങ്ങൾക്ക് രക്ഷിക്കാനായത്.
ഡോ അലക്‌സ് മാണി,
മരിയൻ മെഡിക്കൽ സെന്റർ