കോട്ടയം: ജില്ലയിൽ ചികിത്സയിലായിരുന്ന 12 പേർ കൊവിഡ് മുക്തരായി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. രോഗമുക്തരായ പത്തു പേർ കോട്ടയം ജനറൽ ആശുപത്രിയിൽനിന്നും രണ്ടു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നുമാണ് മടങ്ങിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയും ഇതിൽ പെടുന്നു.

പുതിയതായി എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ ഉൾപ്പെടെ 93 പേരാണ് ചികിത്സയിലുള്ളത്. 31 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും 30 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 28 പേർ പാലാ ജനറൽ ആശുപത്രിയിലും നാലു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് .

പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ആറുപേർ വിദേശത്തുനിന്നും രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നാലുപേർ ക്വാറൻറയിൻ കേന്ദ്രങ്ങളിലും മൂന്നുപേർ വീട്ടിലും ഒരാൾ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ

1. സൗദി അറേബ്യയിൽനിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന മാടപ്പള്ളി സ്വദേശി (46).

2. ഹരിയാനയിൽനിന്ന് എത്തി അതിരമ്പുഴയിൽ ക്വാറന്റൈനിലായിരുന്ന കൈപ്പുഴ സ്വദേശി (35).

3. കുവൈറ്റിൽനിന്ന് അതിരമ്പുഴയിൽ ക്വാറന്റൈനിലായിരുന്ന വെള്ളൂർ സ്വദേശി (34). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

4. കുവൈറ്റിൽനിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശി (23) രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

5. ദുബായിൽനിന്ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മറിയപ്പള്ളി സ്വദേശിനി (47)

6. ദുബായിൽനിന്ന് എത്തിയശേഷം രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിനിയുടെ മകൾ (20)

7. ഷില്ലോംഗിൽനിന്ന് അമ്മയ്ക്കും സഹോദരിക്കും ഒപ്പമെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കളത്തിപ്പടി സ്വദേശി (9). അമ്മയുടെയും സഹോദരിയുടെയും പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

8. ഖത്തറിൽനിന്ന് എത്തി എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി (52)