കോട്ടയം : ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ നടന്ന മോഷണ അന്വേഷണം വഴിമുട്ടി. തിരുനക്കര മഹാദേവക്ഷേത്രത്തിലും, ചങ്ങനാശേരി വാഴപ്പള്ളി ക്ഷേത്രത്തിലും നടന്ന മോഷണങ്ങളിലാണ് അന്വേഷണം എങ്ങുമെത്തായത്. മാർച്ച് 5 ന് പുലർച്ചെയാണ് തിരുനക്കരയിൽ മോഷണം. ഇതിനു രണ്ടു ദിവസം മുൻപാണ് വാഴപ്പള്ളിയിൽ മോഷണം. ആദ്യ ആഴ്‌ചയിൽ സജീവമായി നടന്ന അന്വേഷണം, ലോക് ഡൗൺ എത്തിയതോടെ അടഞ്ഞു.

തിരുനക്കര മാഹാദേവക്ഷേത്രത്തിലെ നാലു കാണിക്കവഞ്ചികളിലെ പണം കവർന്ന മോഷ്ടാവ് അഞ്ചാമത്തെ കാണിക്കവഞ്ചി തകർക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മങ്കി ക്യാപ് ധരിച്ചു, ഷർട്ടിടാതെ ബർമുഡയിട്ടു ക്ഷേത്രത്തിൽ കവർച്ച നടത്തുന്നയാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സമാന രീതിയിലാണ് വാഴപ്പള്ളിയിലും മോഷണം നടന്നത്. ഇവിടെയും കാണിക്കവഞ്ചിയിൽ സൂക്ഷിച്ചിരുന്ന പണം മാത്രമാണ് കവർന്നത്. രണ്ടിടത്തും ഒരാൾ തന്നെയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടും

മോഷണക്കേസുകൾ അന്വേഷിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചെങ്കിലും കൃത്യമായ സൂചനയൊന്നും ലഭിച്ചില്ല. ലോക് ഡ‌ൗൺ കൂടി എത്തിയതോടെ സ്‌ക്വാഡും നിർജീവമായി.