
കോട്ടയം: പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ.ജോർജ് എട്ടുപറയിലിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ് ഉറപ്പിച്ച് പറയുമ്പോഴും വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉത്തരവിട്ടു. കോട്ടയം ഈസ്റ്റ് സി.ഐ നിർമ്മൽ ബോസിനാണ് അന്വേഷണ ചുമതല. ഫാ.ജോർജിന്റെ മൊബൈൽ ഫോണിലേക്ക് വന്ന കോളുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. മൊബൈൽഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൃതദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കയർ ഉപയോഗിച്ചുള്ള കെട്ടാണ് ദൂരൂഹത വർധിപ്പിച്ചത്. കൂടാതെ കല്ലുകൊണ്ട് കെട്ടിയ നിലയിലായിരുന്നു കൈയ്യ്. ഒരു കൈ കെട്ടിൽനിന്നും വേർപെട്ടിരുന്നു. മരണവെപ്രാളത്തിൽ കെട്ട് അഴിഞ്ഞതാകാമെന്നാണ് പൊലീസ് ഭാഷ്യം.
കിണറിന്റെ മൂടിയിൽ ചെറിയ ദ്വാരം ഉണ്ടായിരുന്നു. ഈ ദ്വാരത്തിലൂടെയാണ് വൈദികൻ കിണറ്റിൽ അകപ്പെട്ടത്. കൈയിൽ കെട്ടുള്ള ആൾക്ക് ഈ മൂടിയിലൂടെ ചാടുക സാദ്ധ്യമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കും.
അതേസമയം ഫാ.ജോർജിന് മാനസിക ക്ലേശം ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. അമേരിക്കയിൽ അഞ്ച് വർഷക്കാലം ജോലിചെയ്ത് തിരിച്ചെത്തിയപ്പോഴാണ് ഫാ.ജോർജ്ജിനെ പുന്നത്തുറ പള്ളി വികാരിയായി നിയമിച്ചത്. മാറ്റം വേണമെന്ന് അതിരൂപതയോട് ഫാ.ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് പള്ളിവക റബർഷീറ്റ് പുകപ്പുരയ്ക്ക് തീ പിടിച്ചത്. മൂന്നു പേർക്ക് പരിക്കുപറ്റിയിരുന്നു. കൂടാതെ അവിടെസൂക്ഷിച്ചിരുന്ന കതിന പൊട്ടിക്കുന്നതിനായി വെടിമരുന്നിനും തീപിടിച്ചു. നിയമവിരുദ്ധമായി വെടിമരുന്ന് സൂക്ഷിച്ചതിന് വികാരിയുടെ പേരിൽ കേസ് എടുത്തേക്കുമെന്ന് ഭയന്നിരുന്നതായും പറയുന്നു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് ഫാ.ജോർജിന്റെ മൃതദേഹം പള്ളിയോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തിയത്.